പരവൂരിൽ ദേവരാജ മ്യൂസിയം ഒരുങ്ങുന്നു
1594270
Wednesday, September 24, 2025 6:40 AM IST
പരവൂർ: മലയാള ചലച്ചിത്രഗാന സംവിധാന രംഗത്തെ കുലപതി ജി. ദേവരാജൻ മാസ്റ്ററുടെ പേരിൽ അദ്ദേഹത്തിന്റെ ജന്മനാടായ പരവൂരിൽ മ്യൂസിയം ഒരുങ്ങുന്നു. ഒട്ടേറെ സവിശേഷതകൾ ഉള്ള മ്യൂസിയം കലാ കേരളത്തിനായി സജ്ജീകരിക്കുന്നത് തെക്കൻ കേരളത്തിലെ പ്രശസ്തമായ പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി ( ഫാസ് ) ആണ്.
ഫാസിന്റെ ഒല്ലാലിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാന മന്ദിരത്തിലെ ഒന്നാം നിലയിൽ മ്യൂസിയത്തിലെ പ്രദർശന വസ്തുക്കളുടെ ചിട്ടപ്പെടുത്തൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അഞ്ച് മുറികളിലായിട്ടാണ് മ്യൂസിയം തയാറാക്കുന്നത്. ഒപ്പം പഠന ഗവേഷണ കേന്ദ്രവും ഇവിടെ ഉണ്ടാകും. ദേവരാജൻ മാസ്റ്ററുടെ പേരിലുള്ള സംസ്ഥാനത്തെ ആദ്യ മ്യൂസിയം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
മാഷ് സംഗീത സംവിധാനത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, സംഗീതം നൽകിയ ഗാനങ്ങളുടെ നൊട്ടേഷനുകൾ, അദ്ദേഹത്തിന് ലഭിച്ച അനേകം പുരസ്കാരങ്ങൾ, മൊമന്റോകൾ, സംഗീത ലോകത്തിന് സംഭാവന ചെയ്ത ഷഡ്കാല പല്ലവികൾ, പാട്ടുകളുടെയും പുസ്തകങ്ങളുടെയും ശേഖരം തുടങ്ങി വിലമതിക്കാനാകാത്ത ഒത്തിരി സംഭാവനകൾ മ്യൂസിയത്തിൽ ഒരുക്കും.
ചലച്ചിത്രഗാന രചനാ രംഗത്തെ എക്കാലത്തെയും "വലിയ തമ്പുരാൻ" എന്ന് വിശേഷിക്കപ്പെടുന്ന വയലാർ രാമവർമയും ദേവരാജൻ മാഷും ചേർന്ന് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന വേളയിൽ ഇരിക്കാൻ ഉപയോഗിച്ചിരുന്ന ചൂരൽ കസേരകളും ടീപ്പോയും മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. മാസ്റ്ററുടെ കൈപ്പടയിൽ എഴുതിയ രചനകളും ശേഖരത്തിൽ ഉൾപ്പെടും.
മ്യൂസിയത്തിന്റെ പ്രധാന കവാടം തുറക്കുമ്പോൾ ആദ്യമായി കാണാനാകുക മാഷിന്റെ ജീവിതരേഖ പകർത്തിയ 80 ഫോട്ടോകളാണ്. ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ജി. ജിജോയാണ് കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലുമുള്ള അപൂർവം ചിത്രങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മാഷിന്റെ സ്വകാര്യ ശേഖരങ്ങൾ എല്ലാം ഭദ്രമായി അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയിലാണ് സൂക്ഷിച്ചിരുന്നത്.
ഇവ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കുറച്ചുനാൾ മുമ്പ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഭാരവാഹികൾക്ക് കൈമാറിയിരുന്നു. മാഷ് ഉപയോഗിച്ചിരുന്ന കണ്ണടയും പാദരക്ഷകളും ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബം നിധിപോലെ വീട്ടിൽ തന്നെ സൂക്ഷിക്കുകയാണ്.
ഇവയും മറ്റൊരവസരത്തിൽ മ്യൂസിയത്തിന് കൈമാറാൻ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം. മാഷിന്റെ 98-ാം ജന്മവാർഷികദിനമായ 27ന് വൈകുന്നേരം അഞ്ചിന് മ്യൂസിയത്തിന്റെ ഉദ്ഘാടനം നടക്കും. ഫാസ് ആസ്ഥാന മന്ദിരാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മാസ്റ്ററുടെ പത്നി പെരുന്ന ലലാമണിയാണ് ഉദ്ഘാടനം നിർവഹിക്കുക.ജി.എസ്.ജയലാൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ, എ. സഫർ ഖയാൽ, ടി.സി. രാജു, ബി. മധു, നെടുങ്ങോലം രഘു, കെ. സേതുമാധവൻ, എൻ.സദാനന്ദൻ പിള്ള, അഡ്വ . കിഴക്കനേല സുധാകരൻ എന്നിവർ പ്രസംഗിക്കും. ദേവരാജൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്നതും പരവൂരിലെ മുനിസിപ്പൽ നെഹ്റു പാർക്ക് അങ്കണത്തിലാണ്. അവിടെയും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അന്ന് ഗാനാഞ്ജലി അടക്കമുള്ള പരിപാടികളും സംഘടിപ്പിച്ചി ട്ടുണ്ട്.