ശക്തമായ കാറ്റിൽ കൃഷിനാശം : ആയിരത്തോളം വാഴകൾ നിലം പൊത്തി
1546811
Wednesday, April 30, 2025 6:08 AM IST
മാനന്തവാടി: വേനൽമഴയിലും കാറ്റിലും ആയിരത്തോളം വാഴകൾ നിലം പൊത്തി. പനമരം അഞ്ചുകുന്ന് നിരപ്പേൽ ബേബിയുടെ ഒന്നര ഏക്കർ ഭൂമിയിലെ പകുതിയോളം വാഴകളും കപ്പയുമാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ നിലം പൊത്തിയത്.
ഞായറാഴ്ച വൈകുന്നേരത്തോടെ അഞ്ചുകുന്ന് പഴഞ്ചേരിക്കുന്നിൽ ആഞ്ഞ് വീശിയകാറ്റിലാണ് നിരപ്പേൽ ബേബിയുടെ വാഴകൾ നശിച്ചത്. തോട്ടിൽ നിന്നും വെള്ളം അടിച്ച് നനച്ചു വളർത്തി വളപ്രയോഗമുൾപ്പടെ നടത്തിയിരുന്നു. എട്ട് മാസത്തിലധികം പ്രായമുള്ള വാഴകൾ കുലച്ചുവരുന്ന സമയത്താണ് നിലംപൊത്തിയത്.
ഒന്നര ഏക്കറോളം വരുന്ന ഭൂമിയിൽ 1600 വാഴകളും കപ്പയുമാണ് കൃഷി ചെയ്തിരുന്നത്. ഇതിൽ പകുതിയിലേറെ വാഴകളും കാറ്റിൽ നശിച്ചു. കുല വിരിയുന്ന സമയത്താണ് കുള്ളൻ വിഭാഗത്തിൽപ്പെട്ട വാഴകൾക്ക് കാറ്റ് പിടിച്ചത്.
ഇത് കാരണം ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയിൽ ഒന്നുംതന്നെ തിരികെ ലഭിക്കാത്ത അവസ്ഥയാണ് കർഷകനുണ്ടായത്. നഷ്ടപരിഹാരത്തിനായി പനമരം കൃഷി ഓഫീസിൽ അപേക്ഷ നൽകിയിട്ടുണ്ട്.