ചെട്ട്യാലത്തൂർ നിവാസികളുടെ പുനരധിവാസം; പട്ടിക തയാറാക്കി ഓരോന്നായി നടപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി
1594081
Tuesday, September 23, 2025 7:31 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ചെട്ട്യാലത്തൂർ നിവാസികളുടെ പുനരധിവാസ നടപടികളിൽ ശാശ്വത തീരുമാനമാകുന്നതുവരെ കാത്തുനിൽക്കാതെ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചെട്ട്യാലത്തൂർ നിവാസികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംപി.
പുനരധിവാസ വിഷയം സങ്കീർണവും ശാശ്വത പരിഹാരം കാണാൻ സമയം എടുക്കുന്നതുമാണ്. എന്നാൽ അതുവരെ കാത്തുനിൽക്കാതെ ആളുകളുടെ അടിയന്തരമായ ആവശ്യങ്ങളുടെ പട്ടിക തയാറാക്കി ഓരോന്നായി നടപ്പാക്കണമെന്ന് എംപി നിർദേശിച്ചു. ചെട്ട്യാലത്തൂരിൽ റോഡ്, വെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന ആവശ്യങ്ങൾ ഇല്ലെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കണം. പുനരധിവാസത്തിന്റെ പേരിൽ 15 വർഷങ്ങളായി ചെട്ട്യാലത്തൂരിൽ ഒരു പ്രവൃത്തിയും നടക്കുന്നില്ലെന്ന് ജനം പരാതിപ്പെട്ടതായും എംപി പറഞ്ഞു.
ചെട്ട്യാലത്തൂരിൽ നിന്ന് 107 പൊതുവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും 16 ഗോത്രവർഗ കുടുംബങ്ങളും ഇതിനകം പുനരധിവസിക്കപ്പെട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ അവിടെ കഴിയുന്ന പലരും സ്വന്തം ഭൂമിയിലല്ല. മഴക്കാലത്ത് വെള്ളം കയറി പലരേയും ക്യാന്പുകളിലേക്ക് മാറ്റേണ്ടി വരുന്നുണ്ട്. ഇതിന് പുറമെയാണ് വന്യജീവി ശല്യം. പുനരധിവാസത്തിന്റെ ഭാഗമായി മാറുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ പുതിയ ഭൂമിയിൽ വീട് നിർമാണ പ്രവൃത്തി തുടങ്ങാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ചെട്ട്യാലത്തൂരിൽ നിന്ന് 10 ഓളം പേർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, വനം, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.