കാട്ടുപന്നിശല്യത്താൽ പൊറുതിമുട്ടി നെൽകർഷകർ
1594619
Thursday, September 25, 2025 5:40 AM IST
സുൽത്താൻ ബത്തേരി: കാട്ടുപന്നിശല്യത്താൽ പൊറുതിമുട്ടി നെൽകർഷകർ. സുൽത്താൻ ബത്തേരി നഗരസഭയിലെ കരുവള്ളിക്കുന്ന്, പുതുച്ചോല, കുപ്പാടി, പാടശേഖരങ്ങളിലെ കർഷകരാണ് കാട്ടുപന്നികളാൽ പൊറുതിമുട്ടിയിരിക്കുന്നത്.
നെൽച്ചെടികൾ വേരടക്കമാണ് പന്നിക്കൂട്ടങ്ങൾ കുത്തി നശിപ്പിക്കുന്നത്. ഇത് മറ്റ് നെൽച്ചെടികളുടെ വേരിളകാനും ഉണങ്ങാനും കാരണമാകുന്നു. വയൽവരന്പുകൾ പന്നികൂട്ടം ഉഴുതുമറിച്ചനിലയിലാണ്. ഇത് കാരണം വയലുകളിൽ ആവശ്യത്തിന് വെളളം കെട്ടിനിർത്താനും കർഷകർക്ക് കഴിയുന്നില്ല.
സമീപത്തെ കാടുമൂടി കിടക്കുന്ന തോട്ടങ്ങളിൽ തന്പടിച്ച പന്നിക്കൂട്ടങ്ങളാണ് ദിവസേന ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. പന്നിശല്യം രൂക്ഷമായതിനാൽ ഈ ഭാഗത്തെ ഹെക്ടർകണക്കിന് നെൽവയലുകളാണ് കർഷകർ തരിശിട്ടിരിക്കുന്നത്. പന്നിശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.