ഹയർസെക്കൻഡറി സ്കൂളുകളിൽ ജീവിതോത്സവം പദ്ധതിക്ക് തുടക്കമായി
1594618
Thursday, September 25, 2025 5:40 AM IST
സുൽത്താൻ ബത്തേരി: കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർഥികളുടെ സർഗശേഷിയും ഊർജവും പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് അവരുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം.
ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, ആത്മഹത്യ പ്രവണത, അപകടകരമായ അക്രമവാസന തുടങ്ങിയ വിപത്തുകൾക്ക് കേവലം ബോധവത്കരണം കൊണ്ട് പരിഹാരം ആകില്ലെന്ന് ബോധ്യമായിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് 21 ദിവസങ്ങൾ നീണ്ടുനിൽ പ്രവർത്തനാധിഷ്ഠിതമയ ചലഞ്ചുകൾ ഉൾപ്പെടുത്തി വ്യക്തിഗത പ്രവർത്തന പദ്ധതിക്ക് രൂപം നൽകിയത്.
പ്രസ്തുത പദ്ധതിയുടെ പരിസമാപ്തിയോടനുബന്ധിച്ച് സ്റ്റേറ്റ് ഇന്റഗ്രേഷൻ കാർണിവൽ വിദ്യാർഥികൾക്ക് സംഘടിപ്പിക്കാനും ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ലക്ഷ്യമിടുന്നു. നല്ലൊരു നാളെക്കായി നമുക്ക് ഒരുക്കാം 21 സുദിനങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
21 ദിവസത്തെ പരിപാടികളിൽ ലഹരിക്കെതിരേ ഒപ്പുമരം, ഏകദിന ഡിജിറ്റൽ ഉപവാസം, ലഹരി വിരുദ്ധ ചിത്രമതിൽ, ജീവിതോത്സവം കാർണിവൽ എന്നിവ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ബത്തേരി സെന്റ് മേരീസ് കോളജ് ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ് നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.എസ്. ലിഷ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സാലി പൗലോസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാമില ജുനൈസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടോം ജോസ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. റഷീദ്, എൻഎസ്എസ് ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ,
ക്ലസ്റ്റർ കണ്‍വീനർമാരായ എ.വി. രജീഷ്, എം.കെ. രാജേന്ദ്രൻ, വി.പി. സുഭാഷ്, സ്കൂൾ പ്രിൻസിപ്പൽ ആർ. ഉഷ, പിടിഎ പ്രസിഡന്റ് റോയ് മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.വൈ. മത്തായി, വൈഎംസിഎ പ്രസിഡന്റ് സി.ഇ. ഫിലിപ്പ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്വപ്ന ജേക്കബ്, ലീഡർ അനിറ്റ് മറിയം ഏലിയാസ് എന്നിവർ പ്രസംഗിച്ചു.