കുടിവെള്ളം നിഷേധിച്ചെന്ന വയോധികയുടെ പരാതിയിൽ കളക്ടറുടെ നടപടി
1594192
Wednesday, September 24, 2025 6:06 AM IST
സുൽത്താൻ ബത്തേരി: നൂൽപുഴ ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാർഡിൽ താമസിക്കുന്ന ജമീലയ്ക്ക് കുടിവെള്ളം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ ഇടപെടൽ. വിധവയും ഭിന്നശേഷിക്കാരിയുമായ ജമീല പ്രായമായ അമ്മയോടൊപ്പമാണ് കഴിയുന്നത്.
വീട്ടിൽ ശുദ്ധജലം ലഭിക്കാത്തതിനാൽ വീടിനടുത്തുള്ള പൊതു കിണറിനെയാണ് ആശ്രയിച്ചിരുന്നത്. ഈ കിണറിൽ മോട്ടോർ വയ്ക്കാൻ ഇവർക്ക് ഗ്രാമപ്പഞ്ചായത്ത് അനുമതി നൽകിയെങ്കിലും പ്രദേശവാസിയായ ഒരാൾ അത് അനുവദിക്കുന്നില്ലെന്നും കിണർ തന്റേതാണെന്ന് പറഞ്ഞ് വഴി അടയ്ക്കുന്നു എന്നുമായിരുന്നു പരാതി.
കിണർ ഗ്രാമപ്പഞ്ചായത്തിന്റേത് തന്നെയാണെന്നും പരാതിക്കാരി മോട്ടോർ വയ്ക്കുന്നതിന് അനുമതി നൽകിയെന്നും പഞ്ചായത്ത് അറിയിച്ചു. നേരത്തെ നൽകിയ പരാതികളിൽ നടപടികൾക്ക് എതിർകക്ഷി സന്നദ്ധനായിരുന്നില്ല.
അദാലത്തിൽ എത്തിയ പരാതിപ്രകാരം പൊതു കിണറിൽ നിന്നും കുടിവെള്ളം ലഭ്യമാക്കാനും ആവശ്യമെങ്കിൽ പോലീസ് സംരക്ഷണത്തോടെ മോട്ടോർ സ്ഥാപിക്കാനും നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കും സുൽത്താൻ ബത്തേരി പോലീസിനും കളക്ടർ നിർദേശം നൽകി.