ഓവാലിയിലെ കൊലയാളി കൊന്പനെ തളയ്ക്കാൻ ആനകൊട്ടിൽ തയാറാക്കി
1594082
Tuesday, September 23, 2025 7:31 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിൽ പരിഭ്രാന്തി പരത്തുന്ന കൊലയാളി കൊന്പൻ രാധാകൃഷ്ണനെ തളയ്ക്കാൻ മുതുമല വന്യജീവി സങ്കേതത്തിലെ അഭയാറണിയിൽ ആനകൊട്ടിൽ ഒരുങ്ങി.
തേക്ക്, യൂക്കാലിപ്റ്റസ് മരങ്ങൾ ഉപയോഗിച്ചാണ് അഭയാറണിയിലെ ആനപ്പന്തിയിൽ കൊട്ടിലിന്റെ നിർമാണം പൂർത്തിയാക്കിയത്. നാല് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ആനക്കൊട്ടിൽ തയാറാക്കിയത്.
പത്ത് വർഷത്തിലേറെയായി ഓവാലിയിൽ ഭീതിപരത്തുകയാണ് ആന. ഇതിനിടെ പതിമൂന്ന് മനുഷ്യ ജീവനുകളാണ് ആന അപഹരിച്ചത്. ആനയെ പിടികൂടണമെന്ന് ദീർഘകാലമായി നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. അടുത്തിടെ രണ്ട് മനുഷ്യ ജീവനുകൾകൂടി അപഹരിച്ചതോടെ ഈ ആനയെ പിടിക്കണമെന്ന ആവശ്യം ശക്തമായി. ഇതേത്തുടർന്ന് ആനയെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.
ആനയെ പിടിക്കാനുള്ള ഉത്തരവ് ലഭിച്ചിട്ട് ഒരു ആഴ്ച പിന്നിട്ടെങ്കിലും നടപടിയുണ്ടായില്ല. നീക്കം മന്ദഗതിയിലാണെന്ന ആരോപണവും ഉയർന്നിരുന്നു. ഇന്നലെ മുതൽ ആനയെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മയക്കുവെടിവച്ച് പിടിക്കാൻ ഡോ. രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും തയാറാണ്.
ശ്രീനിവാസൻ, ബൊമ്മൻ, വസീം, വിജയ് എന്നി നാല് കുംകിയാനകളുടെയും 100 വനപാലകരുടെയും സഹായത്തോടെ ആനയെ കണ്ടെത്താൻ തെരച്ചിൽ നടത്തുന്നുണ്ട്. ഡ്രോണ്‍ കാമറ വഴിയും ഏറുമാടങ്ങൾ വഴിയും ആനയെ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ കൊലയാളി ആന എല്ലമല മേഖലയിൽ ഏലത്തോട്ടത്തിൽ തന്പടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മയക്കുവെടി വച്ച് ആനയെ പിടികൂടി മുതുമലയിൽ എത്തിച്ച് അഭയാറണിയിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് എത്തിച്ച് പരിശീലനം നൽകിയ ശേഷം ആനയെ കുംകിയാക്കി മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്.