വോട്ട് ചോരിക്കെതിരേ നടത്തുന്ന സിഗ്നേച്ചർ കാന്പയിന് ജില്ലയിൽ തുടക്കം
1594620
Thursday, September 25, 2025 5:40 AM IST
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന വോട്ട് ചോരി സിഗ്നേച്ചർ കാന്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നിൽ തയാറാക്കിയ വോട്ട് ചോരി സിഗ്നേച്ചർ കാൻവാസിൽ ഒപ്പ് ചാർത്തി ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ നിർവഹിച്ചു.
ഭരണഘടനയെയും ഇന്ത്യൻ ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി രാഹുൽഗാന്ധി രാജ്യവ്യാപകമായി നടത്തുന്ന വോട്ട് ചോരി കാന്പയിന് ജില്ലയിൽ നിന്നും ശക്തമായ പിന്തുണ നൽകാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. രാജ്യവ്യാപകമായി അഞ്ചു കോടി ഒപ്പുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയിൽ നിന്നും ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് കെപിസിസിക്ക് നൽകും. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ബ്ലോക്ക്, മണ്ഡലം, വാർഡ്തലങ്ങളിൽ നിന്നും പ്രത്യേകം തയാറാക്കിയ ഫോമിൽ എല്ലാ വീടുകളും സന്ദർശിച്ച് നമ്മുടെ സമ്മതിദാനാവകാശം മോഷ്ടിക്കപ്പെടാതിരിക്കാൻ നാനാതുറകളിലുള്ള ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തും. ചടങ്ങിൽ ഒ.വി. അപ്പച്ചൻ, ചന്ദ്രിക കൃഷ്ണൻ, ശോഭന കുമാരി, പോക്കർഹാജി, ഗിരീഷ് കൽപ്പറ്റ, ജോയ് തൊട്ടിത്തറ,
പദ്മനാഭൻ, സുന്ദർരാജ്, ആയിഷ പള്ളിയാൽ, ശ്രീദേവി ബാബു, എം.ഒ. ദേവസ്യ, ഷിജു ഗോപാലൻ, കെ.കെ. രാജേന്ദ്രൻ, ഹർഷൻ കോങ്ങാടൻ, എസ്. മണി, മാടായി ലത്തീഫ്, ഗിരിജ സതീഷ്, നിഷ സുധാകരൻ, സതീഷ് കുമാർ, സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.