നിയമ ഭേദഗതി ബിൽ മലയോരജനതയുടെ കണ്ണിൽ പൊടിയിടാൻ: ബിജെപി
1593391
Sunday, September 21, 2025 6:20 AM IST
കൽപ്പറ്റ: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച വനം-വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തട്ടിപ്പാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ജനറൽ സെക്രട്ടറിമാരായ എം.പി. സുകുമാരൻ, ടി.എം. സുബീഷ്, കർഷക മോർച്ച ജില്ലാ പ്രസിഡൻഫ് കെ.എം. പ്രജീഷ്, ജില്ലാ സെൽ കോഓർഡിനേറ്റർ മനോജ് വി. നരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനാണ് അയ്യപ്പസംഗമം നടത്തുന്നത്. അതുപോലെ വന്യജീവി ശല്യംമൂലം ഗതികേടിലായ മലയോരജനതയെ വഞ്ചിക്കാൻ തയാറാക്കിയതാണ് ഭേദഗതി ബിൽ. അക്രമകാരികളായ വന്യമൃഗങ്ങളെ മുൻപിൻ നോക്കാതെ കൊല്ലാനും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും മറ്റും നിയമഭേദഗതിയിലൂടെ കഴിയുമെന്നുണ്ടെങ്കിൽ സർക്കാരിന് അത് നേരത്തേ ചെയ്യാമായിരുന്നു.
നിയമഭേദഗതിക്ക് മുതിരാതെ കഴിഞ്ഞ ഒന്പത് വർഷം പാഴാക്കിയത് എന്തിനെന്ന് ജനങ്ങളോട് വിശദീകരിക്കാൻ മുഖ്യമന്ത്രി തയാറാകണം. ഇത്രയുംകാലം കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി വന്യജീവി ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് ഇടതുസർക്കാർ ചെയ്തത്.
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാൻ സംസ്ഥാന മുഖ്യവനപാലകന് അധികാരം നൽകുന്നതാണ് 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം. എന്നിരിക്കേ ഇക്കാര്യത്തിൽ നിയമഭേദഗതി പ്രഹസനമാണ്. കേന്ദ്ര നിയമം വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിൽ സംസ്ഥാനം വീഴ്ചവരുത്തുകയാണ് ചെയ്തത്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് മലയോരജനത വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ബിജെപിക്കും ഇതേ അഭിപ്രായമാണ്. എന്നാൽ ഇതിന് നിയമത്തിൽ സംസ്ഥാന സർക്കാർ വരുത്തുന്ന ഭേദഗതി പര്യാപ്തമാകുമെന്ന് കരുതുന്നില്ല. സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾ വിശദീകരിച്ച് കേന്ദ്ര നിയമത്തിൽ ആവശ്യമായ ഇളവ് നേടുന്നതിനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
നിയമഭേദഗതിയിലൂടെ കർഷകർക്ക് എന്ത് ഗുണം ലഭിക്കുമെന്ന് സർക്കാർ പറയണം. വന്യജീവി ആക്രമണം തടയാനും കൃഷിഭൂമി സംരക്ഷിക്കാനും കാടും നാടും വേർതിരിക്കാനും ബില്ലിൽ വ്യവസ്ഥകളില്ല.
വർധിച്ച വന്യജീവി ശല്യത്തിന്റെ പ്രധാനകാരണങ്ങൾ നിവാരണം ചെയ്യാനും ബില്ലിൽ വ്യവസ്ഥകളില്ല. ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 45 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു.
നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ കേന്ദ്ര നിയമം കേരള സർക്കാർ ഭേദഗതി ചെയ്യുന്നത് കോടതികയറാൻ സാധ്യത ഏറെയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.