എൻഎബിഎച്ച് സർട്ടിഫിക്കേഷൻ നേടിയ 14 ആയുഷ് സ്ഥാപനങ്ങളെ അനുമോദിച്ചു
1594195
Wednesday, September 24, 2025 6:06 AM IST
കൽപ്പറ്റ: ആയുഷ് സ്ഥാപനങ്ങൾ വഴി നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യരംഗത്ത് ഏർപ്പെടുത്തിയ എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) സർട്ടിഫിക്കേഷൻ നേടിയ ജില്ലയിലെ 14 ആയുർവേദ, ഹോമിയോ സ്ഥാപനങ്ങളെ അനുമോദിച്ചു.
കളക്ടറേറ്റിലെ എ.പി.ജെ. അബ്ദുൾ കലാം ഹാളിൽ ചേർന്ന അനുമോദന യോഗം പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആയുർവേദ, ഹോമിയോ ആശുപത്രികൾ നിലവിൽ ശക്തീകരിക്കപ്പെട്ട നിലയിലാണെന്നും ഇപ്പോൾ ജില്ലയിലെ ഹോമിയോ, ആയുർവേദ ആശുപത്രികൾക്ക് മുന്പിൽ രോഗികളുടെ വരി കാണാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ മികവിനുള്ള അംഗീകാരമാണ് എൻഎബിഎച്ച് സർട്ടിഫിക്കറ്റ്. അംഗീകാരം നേടിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മീനങ്ങാടി, പുതുശേരി, തരിയോട്, മൂപ്പൈനാട്, അന്പലവയൽ, വെങ്ങപ്പള്ളി, കല്ലൂർ, കോട്ടത്തറ എന്നിവിടങ്ങളിലുള്ള ഗവ.ആയുർവേദ ഡിസ്പെൻസറികളും വാളേരി, വെള്ളമുണ്ട, സുൽത്താൻ ബത്തേരി, അന്പലവയൽ, മുള്ളൻകൊല്ലി, കോട്ടത്തറ എന്നിവിടങ്ങളിലുള്ള ഗവ.ഹോമിയോ ഡിസ്പെൻസറികളുമാണ് എൻഎബിഎച്ച് സർട്ടിഫിക്കേഷൻ നേടിയത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഉഷ തന്പി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജുനൈദ് കൈപ്പാണി, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി. ബിനോയ്, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. സുമേഷ്,
ജില്ലാ ക്വാളിറ്റി നോഡൽ ഓഫീസർ (ഐഎസ്എം) ഡോ.സി.എൻ. രേഖ, നെൻമേനി ഗവ. ഹോമിയോപ്പതി ഡിസ്പെൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. രഞ്ജിത്ത്, അന്പലവയൽ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ സിഎച്ച്ഒ ഡോ. നിഖില ചന്ദ്രൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ് എന്നിവർ സംബന്ധിച്ചു.