നിലന്പൂർ - നഞ്ചൻഗോഡ് റയിൽപാത : ബജറ്റിൽ ഉൾപ്പെടുത്താൻ മന്ത്രിയുമായി ചർച്ച നടത്തും: പ്രിയങ്ക ഗാന്ധി
1593746
Monday, September 22, 2025 6:04 AM IST
കൽപ്പറ്റ: നിലന്പൂർ - നഞ്ചൻഗോഡ് റയിൽപാത വരുന്ന ബജറ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് റയിൽവേ മന്ത്രിയുമായി ഉടൻ ചർച്ചനടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി. റയിൽപാതയുടെ പ്രവർത്തന പുരോഗതി സംബന്ധിച്ച് നീലഗിരി വയനാട് എൻഎച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിലാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്. ഈ റയിൽപാത തന്റെ പ്രധാന പരിഗണനാ വിഷയമാണെന്നും താൻ പാതയുടെ സാക്ഷാത്കാരത്തിനായി നിരന്തരശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നും എംപി അറിയിച്ചു.
പാർലമെന്റിൽ അടുത്തിടെ വിഷയം ഉന്നയിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ചനടത്തുകയും ചെയ്തിരുന്നു. പാതയുടെ അന്തിമലൊക്കേഷൻ സർവേയും അലൈൻമെന്റ് നിർണയവും പൂർത്തിയായ സാഹചര്യത്തിൽ ഇപ്പോൾ നടന്നുവരുന്ന ഡിപിആർ എത്രയും പെട്ടെന്ന് പൂർത്തിയാക്കി റയിൽവേ ബോർഡിന്റെ പരിഗണനക്ക് സമർപ്പിക്കാൻ ആവശ്യമായ ഇട പെടലുകൾ നടത്തണമെന്നും ആക്ഷൻ കമ്മിറ്റി അഭ്യർഥിച്ചു. ഈ കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എംപി ഉറപ്പ്നൽകി.
ദേശീയപാത 766 ലെ രാത്രിയാത്രാ തിരോധനത്തിന് പരിഹാരമായി സുപ്രീംകോടതി പരിഗണിക്കാൻ നിർദേശിച്ച ബന്ദിപ്പുർ വനത്തിലെ തുരങ്കപാത സംബന്ധിച്ച നിർദേശവും ആക്ഷൻ കമ്മിറ്റി എംപിയുമായി ചർച്ചചെയ്തു.
ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ച്ചേർത്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും എംപി ഉറപ്പ് നൽകി. ചർച്ചയിൽ ടി. സിദ്ദിഖ് എംഎൽഎ, ആക്ഷൻകമ്മിറ്റി കണ്‍വീനർ അഡ്വ.ടി.എം. റഷീദ്, പി.വൈ. മത്തായി, മോഹൻ നവരംഗ്, ജോസ് കപ്യാർമല, ലക്ഷ്മണ്‍ദാസ് എന്നിവർ പങ്കെടുത്തു.