ജവാൻമാരുടെ കുടുംബങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ കർത്തവ്യം: മന്ത്രി ഒ.ആർ. കേളു
1593748
Monday, September 22, 2025 6:04 AM IST
കൽപ്പറ്റ: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും സുരക്ഷിതത്വത്തിനും പ്രവർത്തിക്കുന്ന ധീര ജവാൻമാരുടെ കുടുംബങ്ങൾക്ക് സംരക്ഷണവും പിന്തുണയും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കർത്തവ്യമാണെമന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ഭാര്യമാരിൽ ജില്ലയിൽ ജീവിച്ചിരിക്കുന്നവരെ ആദരിക്കുന്നതിന് ജില്ലാ സൈനിക ക്ഷേമ ബോർഡ്, സൈനിക സമൂഹം, സൈനികരുടെ സംഭാവന ആരോഗ്യ പദ്ധതി,
എക്സ് സർവീസ്മെൻ കമ്മ്യൂണിറ്റി വയനാട് ബ്ലഡ് ഡോണെഷൻ കമ്മിറ്റി, കണ്ണൂർ ഡിഫൻസ് സർവീസ് സൊസൈറ്റി, സർക്കാർ സ്ഥാപനങ്ങൾ, പൊതു സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വയനാട് ചേംബർ ഓഫ് കൊമ്സ്േ ബത്തേരിയിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം ലോക മഹായുദ്ധത്തിൽ ലോകത്തെന്പാടുമായി 72 ദശലക്ഷത്തോളം സൈനികർ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ഇതിൽ 87000ത്തിലധികം പേർ ഇന്ത്യൻ സൈനികരാണെന്ന് മന്ത്രി പറഞ്ഞു. ചേംബർ പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ബ്രിഗേഡിയർ ജോർജ്,
കേണൽ ഡി. സുരേഷ് ബാബു, ലെഫ്റ്റനന്റ് കേണൽ വി.ഡി. ചാക്കോ, ജില്ലാ സൈനിക വെൽഫയർ ഓഫീസർ ക്യാപ്റ്റൻ വിനോദ് മാത്യു, ക്യാപ്റ്റൻ വി.കെ. ശശീന്ദ്രൻ, പെൻഷനേഴ്സ് അസോസിയേഷൻ പ്രതിനിധി വിശ്വാനന്ദൻ, വി. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. 47 വനിതകളെ ആദരിച്ചു. ഇവർ ജീവിതാനുഭവങ്ങൾ പങ്കുവച്ചു.