പദ്ധതികൾ വിഭാവനം ചെയ്യുന്പോൾ അവരുടെ കണ്ണിൽ കൂടി കാണണം: പ്രിയങ്ക ഗാന്ധി എംപി
1594086
Tuesday, September 23, 2025 7:31 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളിലും തയാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി എംപി.
കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോഓർഡിനേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മിറ്റിയിൽ (ദിശ) സംസാരിക്കുകയായിരുന്നു എംപി. കാലാവസ്ഥ മൂലം സമാനമായ സാഹചര്യങ്ങൾ നേരിടുന്ന ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾക്ക് വയനാട്ടിൽ നിന്ന് പഠിക്കാനുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.
ഇത്തവണ മഴക്കാല അപകടം മൂലം ഒരു ജീവൻ പോലും പൊലിയാതെ കാത്തതിന് ജനപ്രതിനിധികളെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും എംപി അഭിനന്ദിച്ചു. ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതിയും അനുബന്ധമായി നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതയും യോഗം വിലയിരുത്തി. പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ ഗുണഭോക്താക്കളുടെ ആവശ്യവും ജീവിത രീതികളും തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി രൂപകൽപന ചെയ്യണമെന്ന് എംപി നിർദേശം നൽകി. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് പട്ടികവർഗ വിഭാഗത്തിന്റെ പ്രകൃതിക്ക് അനുസൃതമായുള്ള ജീവിതരീതി നമ്മുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
വിവിധ പദ്ധതികളിൽ കേന്ദ്ര ഫണ്ട് ലഭ്യമാവാത്തതുമൂലമുള്ള പ്രതിസന്ധി ഉദ്യോഗസ്ഥർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിക്കുമെന്ന് അവർ പറഞ്ഞു. ജനങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ ലഭിച്ച പരാതികൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ എംപി ഉന്നയിച്ചു.
മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾ, വന്യമൃഗ ആക്രമണം, പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായും ചുരത്തിലെ മണ്ണിടിച്ചിൽ ഉൾപ്പെടെ മറ്റ് പ്രശ്നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും ചർച്ച ചെയ്തെന്ന് എംപി അറിയിച്ചു.
പ്രദേശവാസികളുടെ അഭിപ്രായം പരിഗണിച്ച് ചൂരൽമലയിലെ ബെയിലി പാലത്തിലെ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ അവർ സന്തുഷ്ടി രേഖപ്പെടുത്തി. പദ്ധതികളുടെ പുരോഗതിയും ഇനി പൂർത്തിയാക്കാനുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിക്ക് ക്രിട്ടിക്കൽ കെയർ കെട്ടിടം പണിയാൻ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ ഭൂമി കണ്ടെത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. ഇനി മന്ത്രിസഭയുടെ അനുമതി തേടണം.
വെള്ളമുണ്ട-മോതക്കര റോഡ് പ്രവൃത്തി അടുത്ത മാസം പൂർത്തിയാകും. രാജ്യത്തെ ആസ്പിരേഷണൽ ജില്ലകളിൽ വയനാടിന്റെ റാങ്ക് 112 ൽ നിന്ന് 10 ആയി ഉയർന്നത് എംപി പ്രശംസിച്ചു. എല്ലാം വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയ കൽപ്പറ്റ നഗരസഭയെയും അഭിനന്ദിച്ചു. 2025-2026 വർഷം എംപി ലാഡ്സ് പദ്ധതിയിൽ ജില്ലയിൽ 17 പ്രൊപ്പോസൽ നൽകിയതിൽ 23 ലക്ഷം രൂപയുടെ ഒരു പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
ദേശീയ ആരോഗ്യ ദൗത്യം, ദേശീയപാത അഥോറിറ്റി, പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചയും എംപിയുടെ അധ്യക്ഷതയിൽ നടന്നു. എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭ അധ്യക്ഷൻ ടി.ജെ. ഐസക്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, ദിശ കണ്‍വീനർ കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.