നെടുമങ്ങാട് നഗരസഭ പാർക്കിംഗ് യാർഡിൽ നായ്ക്കളുടെ വന്ധ്യംകരണ യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞു
1594626
Thursday, September 25, 2025 6:10 AM IST
നെടുമങ്ങാട്: നഗര മധ്യത്തിൽ തെരുവു നായ്ക്കളുടെ വന്ധ്യംകരണ യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. നഗരസഭയുടെ പാര്‍ക്കിംഗ് യാര്‍ഡിലാണ് വന്ധ്യംകരണ യൂണിറ്റ് സ്ഥാപിക്കാനായി എത്തിച്ചത്.
നെടുമങ്ങാട് ജില്ലാ ആശുപത്രി കുട്ടികളുടെ വാര്‍ഡുകള്‍ക്കു പുറകിലും ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ ജനവാസമേഖലയിലുമാണ് യൂണിറ്റ് സ്ഥാപിക്കാനായി ശ്രമിച്ചത്. സംഭവമറിഞ്ഞെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭയിലെ 39 വാര്‍ഡുകളിലെ നായ്ക്കളെ പിടികൂടി ഈ യൂണിറ്റില്‍ എത്തിച്ചു വദ്ധ്യംകരണം നടത്തി നാലു ദിവസത്തോളം പാർപ്പിച്ചതിനു ശേഷം തിരികെ അതേ വാർഡുകളില്‍ കൊണ്ടുവിടുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
ഈ പദ്ധതി പൂര്‍ത്തിയാകാന്‍ ഏകദേശം ഒരു വര്‍ഷമെടുക്കുമെന്നും അതുവരെ 25-ൽ അധികം കുടുംബങ്ങളിൽ താമസിക്കുന്നവരുടെ സ്വൈര ജീവിതത്തിനു തടസമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ദിവസേന നൂറുകണക്കിനു ജനങ്ങള്‍ പ്രഭാത നടത്തത്തിന് ആശ്രയിക്കുന്നതും പാര്‍ക്കിങ് യാർഡിനു സമീപത്തെ റോഡിനെയാണ്.
യൂണിറ്റിനോടൊപ്പമെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. നഗരസഭയുമായി ബന്ധപ്പെട്ടു മാത്രമേ തീരുമാനം നടപ്പിലാക്കുകയുള്ളുവെന്ന് ഉറപ്പു നല്‍കിയതായി നാട്ടുകാർ അറിയിച്ചു.
അതാതു വാര്‍ഡുകളിൽ പിടിക്കുന്ന നായകളെ വന്ധ്യംകരിച്ച് ടാഗുകെട്ടി തിരികെ പിടിച്ച പ്രദേശങ്ങളില്‍ തന്നെ തിരികെ എത്തിക്കുന്ന പദ്ധതിയാണ് ഇതെന്നും മൂന്നുമാസത്തെ കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും വാഹന സൗകര്യമുള്ള ഇടങ്ങളില്‍ മാത്രമേ പദ്ധതിനടപ്പിലാക്കാന്‍ കഴിയൂവെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തെറ്റിധാരണയുടെ പുറത്താണ് ജനങ്ങള്‍ വാഹനം തടഞ്ഞതെന്നും നഗരസഭ സെക്രട്ടറി ആര്. കുമാര്‍ പറഞ്ഞു.
പ്രദേശ വാസികള്‍ക്കായി ഈ പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്തിയതിനുശേഷം മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളു വെന്ന് അദ്ദേഹം പറഞ്ഞു.