വീട്ടമ്മയെയും മകളെയും ഇറക്കി വിട്ടതായി പരാതി
1594307
Wednesday, September 24, 2025 7:07 AM IST
പാറശാല : നെടിയാംകോട് മണിവിള കട്ടറത്തല വീട്ടില്‍ രാജി (55)യെയും മകളെയും ഒരു കൂട്ടം അക്രമി സംഘം വീട്ടില്‍നിന്നും ബലമായി ഇറക്കി വിട്ടതായി പരാതി. രാജിയുടെ അമ്മയുടെയും അച്ഛന്റെയും വസ്തുവിലാണ് രാജിയും മകളും കുടിൽകെട്ടി താമസിക്കുന്നത്. പശു വളര്‍ത്തലാണ് ഇവരുടെ തൊഴില്‍.
കഴിഞ്ഞ ദിവസം രാത്രി 12.45ന് റോബര്‍ട്ട് എന്നു പറയുന്ന ആളിന്റെ നേതൃത്വത്തില്‍ പത്തംഗ ഗുണ്ടാസംഘം രാജിയും മകളും താമസിച്ചിരുന്ന കുടിലിനെ വലിച്ചു പൊളിക്കുകയും അവരുടെ വളര്‍ത്തു മൃഗങ്ങളെ കയറുവെട്ടി വിടുകയുമായിരുന്നു. ഇവര്‍ തിരുവനന്തപുരം കന്റോൺമെന്റ് പോലീസിനെ വിവരം അറിയിച്ചു.
ഇവിടെനിന്ന് അറിയിച്ചതനുഅനുസരിച്ച് പാറശാല പോലീസ് സംഘമെത്തി അക്രമികളെ കൊണ്ടു തന്നെ അഴിച്ചുവിട്ട പശുക്കളെ പിടിച്ചുകെട്ടി. കുടിൽ നശിപ്പിക്കപ്പെട്ടതിനാൽ റോഡു വക്കില്‍ കട്ടിലിട്ട് അതിലാണു രാജിയും മകളും കിടക്കുന്നത്.
പശുക്കള്‍ക്ക് ആഹാരം കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. രാജിയും മകളും പാറശാല പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് അക്രമിക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.