എന്‍എസ്എസ് ദിനാഘോഷം ഇന്ന്
1594306
Wednesday, September 24, 2025 7:07 AM IST
നെയ്യാറ്റിന്‍കര : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ രൂപംകൊണ്ട നാഷണല്‍ സര്‍വീസ് സ്കീമിന്റെ പിറന്നാള്‍ ഇന്ന്. യൂണിറ്റുകളുള്ള വിദ്യാലയങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.
വിദ്യാർഥികളിൽ സാമൂഹിക സേവനബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1969-ൽ ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതിയാണ് എന്‍എസ്എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നടീല്‍, ബോധവത്കരണ പരിപാടികള്‍ എന്നിവ മുതല്‍ രക്തദാനം, ഭവനനിര്‍മാണം വരെ വ്യത്യസ്തങ്ങളായ പദ്ധതികള്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പല യൂണിറ്റുകളും നടപ്പിലാക്കിയിട്ടുണ്ട്.
സംസ്ഥാന ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ദിനമായ ഇന്ന് ജീവിതോത്സവം എന്ന പുതിയ പദ്ധതിക്കും തുടക്കം കുറിക്കും. ലഹരിമുക്ത കൗമാരം മുന്‍നിർത്തി രൂപകല്‍പ്പന ചെയ്ത 21ദിന ചലഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് ജീവിതോത്സവം പദ്ധതി.
കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർഥികളുടെ സർഗശേഷിയും ഊർജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് അനുഗുണമാം വിധം അവരുടെ വ്യക്തിത്വം സ്ഫുടം ചെയ്തെടുക്കുകയാണ് പ്രധാന ലക്ഷ്യം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നു രാവിലെ 10.30ന് ചേരുന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.