"മധു വസന്തം' ഒരുക്കി മലയാളം
1594287
Wednesday, September 24, 2025 6:54 AM IST
തിരുവനന്തപുരം: ചലച്ചിത്രനടനും സംവിധായകനുമായ മധുവിന്റെ 92-ാം പിറന്നാൾ ആഘോഷം അക്ഷരാർഥത്തിൽ അതിമധുരമായി. ചലച്ചിത്ര ഗവേഷകനും എഴുത്തുകാരനുമായ വയലാർ വിനോദിന്റെ "മധുവസന്തം - മലയാള സിനിമയോടൊപ്പം മധു' എന്ന പുസ് തകം രാജസേനനിൽ നിന്നും ഏറ്റുവാങ്ങിയത് സാക്ഷാൽ മധു തന്നെ.
തീക്കനൽ റിലീസായ ദിവസം സിനിമകാണാൻ എത്തുന്നവരെ സ്വീകരിക്കാൻ തീയറ്ററിനു മുന്നിൽനിന്ന സിനിമയുടെ സംവിധായകനും നായകനുമായ മധുസാറിനെ രാജസേനൻ ഓർമിച്ചു. മികച്ച നടൻ മാത്രമല്ല, തൊട്ടതെല്ലാം പൊന്നാക്കിയ മികച്ച മലയാള സംവിധായകൻ കൂടിയാണ് മധുസാർ എന്നും രാജസേനൻ പറഞ്ഞു.
മധു വസന്തം എന്ന പുസ്തകത്തിൽ മധു സാർ അഭിനയിച്ച സിനിമകൾ, മികച്ച കഥാപാത്രങ്ങൾ, ഗാനങ്ങൾ തുടങ്ങിയവ ചേർത്തിട്ടുണ്ടെന്നു വലയാൽ വിനോദ് പറഞ്ഞു. തീക്കനൽ എന്ന സിനിമയിൽ യേശുദാസിനെ സംഗീത സംവിധായകനാക്കിയതിലൂടെ ആശ്ചര്യചൂഡാമണി.... തുടങ്ങിയ ഗാനങ്ങൾ മലയാളത്തിനു ലഭിച്ചു എന്ന കാര്യവും രാജസേനൻ പങ്കുവച്ചു. മലയാളത്തിൽ ഏറ്റവും കൂടുതൽ മനോഹര ഗാനങ്ങൾ പാടിയഭിനയിച്ച മധു സംവിധായകനായി പ്രവർത്തിക്കുന്പോൾ സംഗീത സംവിധാനത്തിൽ ഇടപെടാറുണ്ടായിരുന്നോ എന്ന ചോദ്യവും ഉണ്ടായി. സംഗീതത്തിനെ കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടുതന്നെ ഇടപെടൽ നടത്തിയിട്ടിലെന്നു പതിവുള്ള നർമരസത്തിൽ മധു.
താൻ സംവിധാനം ചെയ്ത സിനിമകളിൽ മധുസാറിനു യോജിച്ച റോൾ ഉണ്ടായിരുന്നെങ്കിലും മധുസാറിനെ പോലൊരു ഇതിഹാസത്തെ എങ്ങനെ അഭിനയിപ്പിക്കുമെന്ന ഭയം കൊണ്ടാണു ക്ഷണിക്കാതിരുന്നതെന്നും രാജസേനൻ പറഞ്ഞു. മധു പാടി അഭിനയിച്ച "മാണിക്യ വീണയുമായെൻ മനസിന്റെ താമരപ്പൂവിലുണർന്നവളെ....' എന്ന ഗാനം രാജസേനൻ പാടി.
ഗായകൻ തേക്കടി രാജൻ മധു അനശ്വരമാക്കിയ മംഗളം നേരുന്നു ഞാൻ, ശ്യാമ സുന്ദര പുഷ്പമേ, ആശ്ചര്യചുഡാമണി, തുടങ്ങിയ ഗാനങ്ങൾ ആലപിച്ചപ്പോൾ കൈത്താളവുമായി മധു ഗാനാർച്ചന ആസ്വദിച്ചു. ആരാധകരും വിവിധ സംഘടനാപ്രതിനിധികളും പിറന്നാൾ സമ്മാനങ്ങളും പൊന്നാടയും നല്കി മധുവിനു ആശംസകൾ നേർന്നു.