നടൻ മധുവിനു ഇന്ന് 92-ാം പിറന്നാൾ
1593986
Tuesday, September 23, 2025 5:47 AM IST
തിരുവനന്തപുരം: യൂ മേയ്ഡ് യുവർ ഓണ്‍ ത്രോണ്‍ ആൻഡ് സാറ്റ് ഓണ്‍ ഇറ്റ് തിരുവനന്തപുരം മുൻ മേയർ ആർ. പരമേശ്വരൻ പിള്ള മകനു അയച്ച കത്തിലെ വരികളാണിത്. മകൻ ആരാണെന്നല്ലെ, മലയാളത്തിന്റെ മഹാനടൻ മധു തന്നെ. നീ ഒരു സിംഹാസനം സ്വയം തീർത്ത് അതിൽ ഇരുന്നു എന്ന അച്ഛന്റെ വാക്കുകൾക്കു അർഥ മേറെയുണ്ട്; അതിലേറെ ആഴവും! കൊടുമുടി പോലെ ഉയർന്ന് നില്ക്കുന്ന കഥാപാത്രങ്ങളെ മലയാള സിനിമ ലോകത്തിനു സമ്മാനിച്ച മധുവിനു ഇന്ന് 92-ാം പിറന്നാൾ.
ജനലക്ഷങ്ങളുടെ ആരാധനയും, അംഗീകാരങ്ങളും പദ്മശ്രീ ഉൾപ്പെടെയുള്ള ദേശീയ പുരസ്കാരങ്ങളും നേടിക്കഴിഞ്ഞു. എങ്കിലും സൂര്യസൗന്ദര്യത്തിന്റെ കുങ്കുമം മായാത്ത ഈ സായന്തനത്തിലും അച്ഛൻ നല്കിയ അംഗീകാരത്തിനു വജ്രത്തിളക്കമുണ്ട്.
കണ്ണമ്മൂലയിലെ ശിവഭവനിലിരുന്ന് മധു പറയുന്നു. നടനായി മാറിയപ്പോഴും ധാരാളം അംഗീകാരങ്ങൾ കിട്ടിയപ്പോഴും അച്ഛൻ ഒരഭിനന്ദന വാക്കുപോലും പറഞ്ഞിരുന്നില്ല. ചലച്ചിത്ര സംവിധായകനും നിർമാതാവുമായി മാറിയ കാലത്താണ് ഒരു കത്തിൽ ഇംഗ്ലീഷിൽ അച്ഛൻ ആദ്യമായി എഴുതി അയച്ചത്. "യു മേയ്ഡ് യുവർ ഓണ്‍ ത്രോണ്‍ ആൻഡ് സാറ്റ് ഓണിറ്റ്'എന്ന്... അച്ഛന്റെ ഈ നിറഞ്ഞ അഭിനന്ദനത്തിന്റെ ആഴം അളക്കണമെങ്കിൽ മൂത്തമകൻ മാധവൻകുട്ടി നാടകാഭിനയത്തിനു പോയപ്പോൾ നേരിട്ട എതിർപ്പിന്റെ കാഠിന്യം കൂടി അറിയണം.
മകനെ എൻജിനീയറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഒളിച്ചും പാത്തും മാധവൻകുട്ടി നാടക പരിശീലനം നടത്തിയപ്പോഴും നാടകവും സിനിമയും കാണാൻ നടന്നപ്പോഴും അച്ഛൻ സർവശക്തിയുമെടുത്ത് ശാസിച്ചു. ഗുണദോഷിച്ചും ശകാരിച്ചും മകനെ നേർവഴിക്കു നടത്താൻ ആവുന്നതും ശ്രമിച്ചു. നാലു സഹോദരിമാരുടെ മൂത്ത ആളാണ് നീ. സഹോദരിമാർക്കു വിവാഹാലോചനകൾ വരുന്പോൾ സഹോദരന് രാജമാണിക്യം കന്പനിയിൽ ശ്രീകൃഷ്ണന്റെ വേഷം കെട്ടുന്ന പണിയാണെന്ന് എങ്ങനെ പറയും എന്ന ചോദ്യവും ഉണ്ടായി.
ഒരു ജന്മനിയോഗം പോലെ അഭിനയം രക്തത്തിൽ അലിഞ്ഞു ചേർന്നുപോയ മകൻ മാധവൻകുട്ടിക്കു പക്ഷേ പിന്തിരിഞ്ഞ്ു നടക്കാൻ കഴിയുമായിരുന്നില്ല. എല്ലാ വിലക്കുകളെയും വൈകാരികമായ പിടിവലികളെയും ഉപദേശങ്ങളെയും മറികടന്ന് മാധവൻകുട്ടി മുന്നോട്ടു തന്നെ നടന്നു! നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളജിലെ ലക്ചറർ ഉദ്യോഗം രാജിവച്ച് സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കാൻ ട്രെയിൻ കയറി.
അിശ്ചിതമായ ആ വഴികളിലൂടെ ഒറ്റയ്ക്ക്, തികച്ചും ഒറ്റയ്ക്ക് നടക്കാൻ അന്നത്തെ ആ ചെറുപ്പക്കാരനെ പ്രേരിപ്പിച്ചത് അഭിനയത്തോടുള്ള അദമ്യമായ ആവേശമായിരുന്നു; ലഹരിയായിരുന്നു. പി. മാധവൻ നായരെ ലോകമറിയുന്ന മധുവാക്കി മാറ്റിയ രസതന്ത്രമായിരുന്നു അത്. നടനാവുന്നതിനെ ഏറ്റവുമധികം എതിർത്ത അച്ഛൻ തന്നെ ഒടുവിൽ മകൻ തീർത്ത സിംഹാസനത്തിനു മുന്നിൽ എത്തിയത് മറ്റൊരു നിയോഗം!
എസ്. മഞ്ജുളാദേവി