വിഴിഞ്ഞത്ത് "അഞ്ഞൂറാ'നായി എംഎസ്സി വെറോണ
1594300
Wednesday, September 24, 2025 6:54 AM IST
വിഴിഞ്ഞം: പ്രവർത്തനം തുടങ്ങി പത്ത് മാസത്തിനുള്ളിൽ അഞ്ഞൂറ് ചരക്ക് കപ്പലും ബർത്തിലടുത്ത് ചരിത്രം സൃഷ്ടിച്ചു വിഴിഞ്ഞം. 500-മനായി ഇന്നലെ പുലർച്ചെ എത്തിയ എംഎസ്സി വെറോണ ആണ് പുതിയ റിക്കാർഡ് സൃഷ്ടിച്ച് ഇന്ത്യയുടെ വണ്ടർ പോർട്ട് എന്ന പേര് വിഴിഞ്ഞത്തിന് സമ്മാനിച്ചത്.
17.1 മീറ്റർ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടിൽ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ഉള്ള കപ്പൽ ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണു വിഴിഞ്ഞത്ത് സുഗമമായി ബെർത്ത് ചെയ്തത്. 17 മീറ്റർ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യൻ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റിക്കാർഡ്. ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളിൽ 30 എണ്ണം അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ് ആണ്.
ഇന്ത്യയിലെ തന്നെ സുപ്രധാന പതിമൂന്ന് തുറമുഖങ്ങളിൽ ഒന്നിലും ഇത്രയും വമ്പൻ കപ്പലുകൾ കൈകാര്യം ചെയ്തിട്ടില്ല. 18–20 മീറ്റർ സ്വാഭാവിക ആഴവും, കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാൻഷിപ്പ്മെന്റ് ഹബ് എന്ന നിലയിൽ അതിവേഗം ഉയർന്നുവരികയാണ്.