പാപ്പനംകോട്ട് ഇടറോഡിൽ മാലിന്യം തള്ളുന്നെന്നു പരാതി
1594632
Thursday, September 25, 2025 6:10 AM IST
നേമം: നഗരസഭയുടെ ഭാഗമായ പാപ്പനംകോട്, മേലാംങ്കോട് വാർഡുകളിലെ ഇടറോഡുകളിൽ മാലിന്യങ്ങൾ കൊണ്ടിടുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി മാസാംവശിഷ്ടങ്ങൾ, ചീഞ്ഞ ഭക്ഷണാവശിഷ്ടങ്ങൾ, മറ്റുമാലിന്യങ്ങൾ തുടങ്ങിയവയാണ് സ്ഥിരമായി ഇവിടെ തള്ളുന്നത്. കോണത്തുവിള, ഇഞ്ചിപ്പുല്ല് വിള, നരിപ്പിൽ റോഡ്, വിവേകാനന്ദ നഗർ, ചെമ്മണ്ണുവിള, തോപ്പുമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവാണ്.
രാത്രിയിൽ ഇരുചക്രവാഹനങ്ങളിലും പുലർച്ചെ നടക്കുവാൻ പോകുന്നവരുമാണ് ഇത്തരം പ്രവൃത്തികൾ ചെയ്തുവരുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുന്നതുമൂലം കാൽനട യാത്രകാർക്കും മറ്റും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
ഭക്ഷണാവശിഷ്ടങ്ങൾ തെരുവു നായ്ക്കൾ റോഡിലൂടെ പലയിടത്തും വലിച്ചിഴച്ചു കൊണ്ടു നടക്കുന്നതു മൂലം റോഡിലാകെ മാലിന്യങ്ങളാണ്. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരേനഗരസഭാധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാവശ്യം ആവശ്യവും ശക്തമായിരിക്കുകയാണ്.