നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് തലസ്ഥാനത്ത് വരവേൽപ്
1593988
Tuesday, September 23, 2025 5:47 AM IST
തിരുവനന്തപുരം: നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് തലസ്ഥാനത്ത് ആഘോഷ വരവേൽപ്. പത്മനാഭപുരത്തു നിന്നും ആരംഭിച്ചു ദേശീയപാതയിലൂടെ മൂന്നു പകലും രണ്ടു രാത്രിയും നീണ്ട യാത്ര ഇന്നലെ സന്ധ്യയ്ക്കു കിഴക്കേക്കോട്ടയിലെത്തിച്ചേർന്നു.
പദ്മനാഭപുരം തേവാരക്കെട്ട് സരസ്വതിദേവിയെ ആനപ്പുറത്തും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ പല്ലക്കിലുമാണ് എഴുന്നള്ളിച്ചത്. സത്യവാഗീശ്വരീക്ഷേത്രത്തിൽ നിന്നു വെള്ളിക്കുതിരപ്പുറത്തു വേളിമല കുമാരസ്വാമിയെ എഴുന്നള്ളിച്ചു.
യാത്ര കിഴക്കേകോട്ടയിൽ എത്തിയപ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ വിഗ്രഹങ്ങളെ ആചാരപൂർവം വരവേറ്റു. ഘോഷയാത്രയ്ക്കൊപ്പം കൊണ്ടുവരുന്ന ഉടവാൾ അദ്ദേഹം ഏറ്റുവാങ്ങി. രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ രാമവർമ, അവിട്ടം തിരുനാൾ ആദിത്യവർമ, പൂയം തിരുനാൾ ഗൗരി പാർവതീഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മീഭായി തുടങ്ങിയവർ മാതൃദേവതയെയും കുമാരസ്വാമിയെയും മുൻ ഉദിത്തനങ്കയെയും കരുവേലപ്പുര മാളികയ് ക്ക് മുന്നിൽനിന്നു വണങ്ങി വരവേറ്റു.
കിഴക്കേനടയിൽ രാജകീയമായ വരവേൽപാണ് ഘോഷയാത്രയ്ക്ക് നൽകിയത്. തുടർന്ന് പദ്മതീർഥക്കുളത്തിലെ ആറാട്ടിനുശേഷം സരസ്വതീദേവിയെ പകടശാലയിൽ പൂജയ്ക്കിരുത്തി. ചൊവ്വാഴ്ച രാവിലെ നവരാത്രി മണ്ഡപത്തിൽ പൂജ വയ്ക്കും. വേളിമല കുമാരസ്വാമിയെ വലിയശാല ദേവീക്ഷേത്രത്തിലേക്കും ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലേക്കും പൂജയ് ക്കായി കൊണ്ടുപോയി.
വിജയദശമി ദിനത്തിൽ കുമാരസ്വാമിയുടെ പൂജപ്പുരയിലേക്കുള്ള പള്ളിവേട്ട യാത്രയും മൂന്നിനു നല്ലിരുപ്പും നടക്കും. നാലിന് കിള്ളിപ്പാലത്തു നിന്നും മടക്കയാത്ര ആരംഭിച്ച് ആറിനു വിഗ്രഹങ്ങൾ മാതൃക്ഷേത്രങ്ങളിലെത്തിച്ചേരും.
നേരത്തെ പ്രാവച്ചന്പലത്ത് തിരുവനന്തപുരം തഹസില്‍ദാരുടെ നേതൃത്വത്തിൽ ആചാരപരമായ വരവേല്പ് നല്കി. തുടര്‍ന്ന് നേമം വില്ലേജാഫീസില്‍ ഇറക്കി പൂജയും ഉണ്ടായിരുന്നു.