വെങ്ങാനൂരിൽ വീട് കുത്തിത്തുറന്ന് 16 പവന്റെ ആഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്നു
1594641
Thursday, September 25, 2025 6:20 AM IST
വിഴിഞ്ഞം: വെങ്ങാനൂരിൽ വീടിന്റെ വാതിൽ കുത്തിതുറന്നു 16 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള മാവുവിള വിൻസന്റ് വില്ലയിൽ റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗിൽബർട്ടിന്റെ വീട്ടിലാണ് ഇന്നലെ കവർച്ച നടന്നത്.
കവർച്ച നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഗിൽബർട്ടിന്റെ സഹേദരിയുടെ പുത്രൻ ജോൺ റോസ് ഈയടുത്ത് മരണപ്പെട്ടിരുന്നു. ഇതിനുശേഷം എല്ലാ ദിവസവും രാത്രി പത്തോടെ ഗിൽബർട്ടും ഭാര്യയും തങ്ങളുടെ വീടുപൂട്ടി തൊടുത്തുള്ള സഹോദരിയുടെ വീട്ടിൽ പോയശേഷം പുലർച്ചെ അഞ്ചോടെ തിരിച്ചു മടങ്ങി വരുന്നതു പതിവായിരുന്നു.
കഴിഞ്ഞ ദിവസവും രാത്രി പത്തോടെ സഹോദരിയുടെ വീട്ടിലെത്തിയ ഗിൽബർട്ട് പുലർച്ചെ മടങ്ങി എത്തിയപ്പോഴാണ് മോഷണം നടന്ന വിവിരമറിഞ്ഞത്. മുൻവശത്തെ വാതിലിൻന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഇതു വഴി അകത്തു കടന്ന മോഷ്ടാക്കൾ രണ്ടാം നിലയിലെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഒന്നാം നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് കവർന്നത്. ഗിൽബർട്ടിന്റെ ഭാര്യയുടെയും മകളുടെയും മകന്റെയും മരുമകളുടെയും ആഭരണങ്ങളാണ് മോഷണം പോയത്.
ഇരുനില വീടിന്റെ എല്ലാ മുറികളും തുറന്ന കവർച്ചക്കാർ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരകളെല്ലാം തുറന്ന നിലയിലായിരുന്നതിനാൽ 90 പവൻ ആഭരണങ്ങളും നഷ്ടപ്പെട്ടന്നാണ് ആദ്യം കരുതിയത്. പിന്നീട് നടത്തിയ വിശദമായി പരിശോധനയിലാണ് 16 പവൻ സ്വർ ണം നഷ്ടപ്പെട്ടതായി സ്ഥിരീക രിച്ചത്.
13 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും ഒരു ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് അധികൃതർ പറയുന്നു. വിവരമറിയിച്ചതിനെ തുടർന്നു സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നകുൽ ദേശ്മുഖ്, ഫോർട്ട് എസി ഷിബു, വിഴിഞ്ഞം എസ്എച്ച്ഒ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.