വേളാവൂർ-മൺവിളമുകൾ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം
1594627
Thursday, September 25, 2025 6:10 AM IST
വെഞ്ഞാറമൂട് : വേളാവൂർ ക്ഷേത്രം വഴി മൺവിളമുകൾ ഭാഗത്തേക്കുള്ള റോഡ് തകർന്നിട്ടു വർഷങ്ങളായി. റോഡിന്റെ വേളാവൂർ വാർഡ് ഉൾക്കൊള്ളുന്ന 600 മീറ്ററോളം വരുന്ന ഭാഗം കാൽനട യാത്രക്കാർക്കു പോലും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ്. ഇത് അടിയന്തരമായി നന്നാക്കണമെന്നും വേളാവൂർ സൗത്ത് റസിഡന്റസ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത്, മാണിക്കൽ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ പലതവണ ഇക്കാര്യം അറിയിച്ചെങ്കിലും ഫലമു ണ്ടായിട്ടില്ലെന്ന അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. ചന്ദ്രകുമാർ, സെക്രട്ടറി എസ്. ഹസീന എന്നിവർ പറഞ്ഞു. വേളാവൂർ- പ്ലാക്കീഴ് റോഡിനേയും കഴക്കൂട്ടം ബൈപാസ് റോഡിനേയും ബന്ധിപ്പിക്കുന്ന അതീവ പ്രാധാന്യമുള്ള ഈ റോഡിലൂടെ സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്.
മെറ്റലുകൾ ഇളകിയും കുഴികൾ രൂപപ്പെട്ടും അപകടകരമായ നിലയിലാണ് ഈ റോഡ്. പണിക്ക് ടെണ്ടർ വിളിച്ചിട്ടും ഏറ്റെടുക്കാൻ കോൺട്രാക്ടർമാർ മുന്നോട്ടു വരുന്നില്ലെന്ന മുടന്തൻ ന്യായമാണ് അധികൃതർ പറയുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.