മൊബൈല്‍ഫോണും പണവും കവര്‍ന്ന രണ്ടംഗസംഘം പിടിയില്‍
1594305
Wednesday, September 24, 2025 7:07 AM IST
പേരൂര്‍ക്കട: ബസ് കാത്തുനില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ മൊബൈല്‍ഫോണും പണവും കവര്‍ന്ന രണ്ടംഗ സംഘത്തെ ഫോര്‍ട്ട് പോലീസ് പിടികൂടി. പള്ളിച്ചല്‍ പെരിങ്ങോട്ടുകോണം തുണ്ടുവിളാകത്തു വീട്ടില്‍ ഉദയകുമാര്‍ (38), വള്ളക്കടവ് പുത്തന്റോഡ് ജംഗ്ഷന് പുതുവല്‍ പുത്തന്‍വീട്ടില്‍ ഹാജ (32) എന്നിവരാണ് പിടിയിലായത്.
സെപ്തംബര്‍ 20നു വൈകുന്നേരം നാലോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്കു പോകുന്നതിനായി കിഴക്കേക്കോട്ടയില്‍ ബസ് കാത്തുനിന്ന ആറ്റുകാല്‍ പുത്തന്‍കോട്ട സ്വദേശിനി അംബികാദേവി (53) യുടെ ബാഗില്‍നിന്നാണു പ്രതികള്‍ ഫോണും പണവും കവര്‍ന്നത്. മോഷണവിവരം അറിഞ്ഞ വീട്ടമ്മ ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പുത്തരിക്കണ്ടം ഭാഗത്തുനിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നു മോഷണമുതലുകള്‍ കണ്ടെത്തി. ഉദയകുമാറിനെതിരേ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസുകളുണ്ട്. ഇയാള്‍ മോഷ്ടിച്ചുകൊണ്ടുവരുന്ന മൊബൈല്‍ ഫോണുകള്‍ വിറ്റു പണം നല്‍കിയിരുന്നത് ഹാജയാണ്.
ഫോര്‍ട്ട് സിഐ വി.ആര്. ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്സിപിഒമാരായ അഖിലേഷ്, അരുണ്‍രാജ്, ലിപിന്‍, സഞ്ജയ്, ഷൈനോജ് ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.