കുടപ്പനക്കുന്ന് അമ്പഴംകോട് ഗുണ്ടാ ആക്രമണം : ക്രിമിനല്‍ക്കേസ് പ്രതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
1594283
Wednesday, September 24, 2025 6:54 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് അമ്പഴംകോടുണ്ടായ ഗുണ്ടാആക്രമണത്തില്‍ ക്രിമിനല്‍ക്കേസ് പ്രതിക്കു വെട്ടേറ്റു. മണ്ണന്തല സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റിലുള്ള പൊട്ടന് രാജേഷ് എന്നറിയപ്പെടുന്ന രാജേഷിനാ (44) ആണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ മണ്ണന്തല പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.
കുടപ്പനക്കുന്ന് മുക്കോലയ്ക്കല്‍ മൈലമ്മൂട് വീട്ടില്‍ മോന്കുട്ടന് എന്ന സൂര്യ (18), പരുത്തിക്കുഴി അമ്പലത്തറ വീട്ടില്‍ സൂര്യനാരായണന് (19), മുക്കോലയ്ക്കല്‍ മൈലമ്മൂട് വീട്ടില്‍ കുരുവി എന്ന വിഷ്ണു (20), കുടപ്പനക്കുന്ന് ഇരപ്പുകുഴി എംഎന്ഡബ്ല്യുഎ 14-ല്‍ ശരത്ത് (19), വെങ്ങാനൂര്‍ സ്വദേശി ഉണ്ണിക്കുട്ടന് (20), വട്ടിയൂര്‍ക്കാവ് വെള്ളൈക്കടവ് സ്വദേശികളായ രണ്ടു 17-വയസുകാര്‍ എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. മൂന്നു സ്കൂട്ടറുകളിലായി എത്തിയ ഏഴംഗസംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. പേരൂര്‍ക്കടയില്‍നിന്നു കുടപ്പനക്കുന്ന് എംഎല്‍എ റോഡുവഴി ദേവീക്ഷേത്രത്തിനു സമീപത്തെത്തിയ സംഘം സമീപത്തെ കടയില്‍നിന്ന് ബീഡി ആവശ്യപ്പെട്ടു.
ബാക്കി പണവും വാങ്ങി പോകുന്നതിനിടെ പഴത്തിന്റെ വില ചോദിച്ചു. പഴം പഴുത്തിട്ടില്ല എന്നു കടക്കാരന് പറഞ്ഞതു സംഘത്തെ പ്രകോപിപ്പിക്കുകയും കൈവശം കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച് ഇവര്‍ വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കുടപ്പനക്കുന്നു ദേവീക്ഷേത്രത്തിനു സമീപം താമസിക്കുന്ന പൊന്നയ്യ (79) നാണു വെട്ടേറ്റത്.
വടിവാള്‍ കൊണ്ട് ഇദ്ദേഹത്തിന്റെ കൈയിലും മുഖത്തുമാണ് വെട്ടിയത്. പൊന്നയ്യന്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. സ്ഥലത്തുനിന്നു രക്ഷപ്പെട്ട സംഘം നേരേ അമ്പലംകോടുള്ള രാജേഷിന്റെ വീടിനു സമീപത്തെത്തി ബൈക്ക് റേസിംഗ് ആരംഭിച്ചു. ഇത് അരോചകമായതോടെ രാജേഷ് പുറത്തേക്കിറങ്ങിവന്നു ചോദ്യം ചെയ്തു.
റേസിംഗ് അവസാനിപ്പിച്ചു മടങ്ങിയ സംഘം 11 മണിയോടുകൂടി തിരികെയെത്തിയശേഷം രാജേഷിന്റെ വീടിനുനേരേ നാടന്‍പടക്കം എറിഞ്ഞു. വടിവാള്‍കൊണ്ട് ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അരിശം മാറാത്ത പ്രതികള്‍ രാജേഷിന്റെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് റോഡുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ടു കാറുകള്‍, ഒരു ബൈക്ക് എന്നിവ വാള് ഉപയോഗിച്ചു വെട്ടിനശിപ്പിച്ചു.
കാറുകളുടെ ഗ്ലാസുകളെല്ലാം തകര്‍ന്നു. ഓട്ടോറിക്ഷകളുടെ പിന്‍ഭാഗങ്ങളും വെട്ടിനശിപ്പിച്ചിട്ടുണ്ട്. ബൈക്ക് തള്ളിയിട്ടശേഷം കേടുവരുത്തുകയും വെട്ടിനശിപ്പിക്കുകയും ചെയ്തു. മണ്ണന്തല സിഐ കണ്ണന്, എസ്ഐമാരായ ആര്.എസ്. വിപിന്‍, മിഥുന്, വൈശാഖ്, സിപിഒമാരായ ഷജീര്‍, പ്രദീപ്, വിനോദ്, മഹേഷ്, സൂരജ്, മുജീബ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ മണ്ണന്തല, തമ്പാനൂര്‍, കുടപ്പനക്കുന്ന്, പേരൂര്‍ക്കട ഭാഗങ്ങളില്‍ നിന്നു പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.