പോത്തൻകോട്ട് വിദ്യാർഥികൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു
1594302
Wednesday, September 24, 2025 7:07 AM IST
പോത്തൻകോട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം ഒരാൾക്ക് കുത്തേറ്റു. ഇന്നലെ രാവിലെ ഒന്‍പതോടെയാണു വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതേ തുടർന്നു പള്ളിപ്പുറത്തുള്ള 17-കാരനു കൈയിൽ കുത്തേറ്റു. കഴിഞ്ഞദിവസം വൈകുന്നേരം വിദ്യാർഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽപ്പെട്ട വിദ്യാർഥികളെ പോലീസ് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ വീണ്ടും സംഘർഷമുണ്ടായതെന്നാണ് പോലീസ് കരുതുന്നത്.
സംഘർഷമുണ്ടായ വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാർഥി ബസിൽ കയറി സ്കൂളിൽ പോയിരുന്നു. പിന്നീട് പോത്തൻകോട് സ്റ്റേഷനിൽ മാതാപിതാക്കുളുമായെത്തിയ വിദ്യാർഥി പരാതിയില്ലെന്നും ബസിൽവച്ചു പരിക്കുപറ്റിയതാണെന്നു പോലീസിൽ മൊഴി നൽകുകയും ചെയ്തു. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.
പോത്തൻകോട് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ സ്ഥിരമായി സംഘർഷം നടക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ നിരവധി സിസിടിവി കാമറകൾ ഉണ്ടെങ്കിലും കാമറ ഇല്ലാത്ത സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ തല്ലുന്നത് പതിവായതോടെയാണ് പോത്തൻകോട് പഞ്ചായത്ത് സിസിടിവി കാമറകൾ സ്ഥാപിച്ചത്.
പരാതി ഇല്ലെങ്കിലും അക്രമം നടത്തിയ കുട്ടിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ പറയുന്നു.