കല്ലിയൂർ പഞ്ചായത്തിൽ പെൺകരുത്തിന് കളരി പരിശീലനം
1594299
Wednesday, September 24, 2025 6:54 AM IST
നേമം: കല്ലിയൂർ പഞ്ചായത്തിൽ പെൺകുട്ടികൾക്കുള്ള കളരി പരിശീലനം തുടങ്ങി. നേമം ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാറാണി അധ്യക്ഷയായി.
2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്ത് പരിധിയിലെ എൽപി, യുപി വിഭാഗത്തിലെ ഇരുന്നൂറു കുട്ടികൾക്കു രണ്ടു ഘട്ടങ്ങളിലായി പരിശീലനം നൽകുന്നത്. സ്വയം പ്രതിരോധത്തിനു പെൺകുട്ടികളെ സജ്ജരാക്കുക, ആത്മവിശ്വാസം വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
പരിശീലനം പൂർത്തിയായാൽ പൊതു അവതരണവും നടക്കും. യോഗത്തിൽ പഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, എസ്എംസി ഭാരവാഹികളായ മായ, രേഖ, കൺവീനർ എസ്.എസ് അനൂപ, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, എസ്. പ്രേംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.