മൈക്രോഫോണും ആംപ്ലിഫയറും ലൗഡ് സ്പീക്കറുമൊന്നും പ്രചാരത്തിലില്ലാത്ത കാലം. സംഗീതോപകരണങ്ങളും അവ വായിക്കാന് അറിയാവുന്നവരും കുറവ്. ഗാനമേളയ്ക്ക് ഒരു ലോഹക്കുമ്പിളിലൂടെയാണ് പാടുക. സാധാരണയേക്കാള് കുറച്ചകലെവരെ കേള്ക്കാമെന്നു മാത്രമേയുള്ളൂ.
തൃശൂര്ക്കാരുടെ ഭാഷയില് പറവട്ടാനിയില് പാടിയാല് ചുങ്കംവരെ! അങ്ങനെ അതിലൂടെ പി.കെ. ജോസ് എന്ന യുവാവ് പാടുന്നു- മുഹമ്മദ് റഫിയുടെ അതേ ഭാവത്തില്, അതേ ആര്ദ്രതയില്.. അതേ സ്ഥായിയില്... ആ പാട്ടുകള് ശ്രോതാക്കളുടെ ഹൃദയങ്ങളെ തഴുകുകയും ചിലപ്പോള് തകര്ക്കുകയും ചെയ്തു. ജോസ് അങ്ങനെ റഫി ജോസും രഖ്വാലേ ജോസുമായി!
ഏഴു പതിറ്റാണ്ടുകളുടെ പാട്ട്
റേഡിയോപോലും അത്യപൂര്വമായിരുന്ന അറുപതുകള്. റേഡിയോയും ഗ്രാമഫോണുമുള്ള ഇടങ്ങള് തേടിപ്പിടിച്ചുപോയി പാട്ടുകേട്ട് വരികള് എഴുതിയെടുത്തുവേണം പഠിക്കാനും പാടാനും. ജോസ് അന്ന് വരികള് മാത്രമല്ല, പാട്ടിന്റെ ആത്മാവുകൂടി ഒപ്പിയെടുത്താണ് പോരുക. മുഹമ്മദ് റഫിയുടെ പാട്ടുകള് അങ്ങനെ ജോസിന്റെ ഒപ്പംകൂടി.
റഫി പാടിയ ഏതുപാട്ടും പാടാമെന്നായി. വെറുതെ പാടുകയല്ല, കേട്ടാല് റഫിതന്നെയാണോ പാടുന്നതെന്നു തോന്നിക്കുന്നവിധം! പാട്ടിനോടും റഫിയോടുമുള്ള അതിരില്ലാത്ത സ്നേഹമായിരുന്നു ജോസിന്റെ സ്വരംനിറയെ.വരികളുടെ അര്ഥവും ഭാവവും മുഖത്തു വിരിയുന്ന രീതിയിലായിരുന്നു ജോസിന്റെ ആലാപനം.
ചില പാട്ടുകള്ക്കൊപ്പം അദ്ദേഹത്തിന്റെ കണ്ണുകള് നിറഞ്ഞൊഴുകും. ജോസിന്റെ മുഖംകണ്ടുകൊണ്ട് പാട്ടുകള് ആസ്വദിക്കാന് മറ്റു ഗായകര്പോലും സദസിന്റെ മുന്നിരയിലേക്കു മാറുമായിരുന്നത്രേ.റഫിയുടെ പാട്ടുകള് വേദികളില് പാടുന്ന ഗായകര് മിക്കപ്പോഴും ഒഴിവാക്കുന്ന ഹൈ-പിച്ച് പാട്ടുകളും ജോസ് അനായാസം പാടുമായിരുന്നു.
ഏറ്റവും സങ്കീര്ണമെന്നു കരുതപ്പെടുന്ന ഓ ദുനിയാ കേ രഖ്വാലേ, സുന് ദര്ദ് ഭരേ മേരേ നാലേ കണ്ണുനിറച്ചുകൊണ്ടാണ് അദ്ദേഹം പാടുക പതിവ്. അങ്ങനെ നൂറുകണക്കിനു വേദികള്- പ്രതിഫലമില്ലാതെയും വിരലിലെണ്ണാവുന്ന കാശിനും!
ബോംബെയിലേക്കും തിരിച്ചും
തൃശൂര് പറവട്ടാനി കുറയില് പൊറത്തൂക്കാരന് കൊച്ചപ്പന്- മാത്തിരി ദമ്പതികളുടെ എട്ടുമക്കളില് മൂത്തയാളായി 1940 ജനുവരി 15നു ജനിച്ച പി.കെ. ജോസ് സംഗീതം പഠിച്ചിട്ടില്ല. അമ്മയുടെ നേതൃത്വത്തില് നടത്തിയിരുന്ന ബിസിനസുകളിലെ പ്രധാന സഹായിയായിരുന്നു ജോസ്. അതു വലിയ ജീവിതാനുഭവങ്ങള് സമ്മാനിച്ചു. ഇടക്കാലത്തു കുടുംബം ഒളരിയിലേക്കു മാറി.
ഹിന്ദി വിദ്വാന് പരീക്ഷ പാസായ ശേഷം ജോലിതേടി ബോംബെയിലെത്തി. ലെയ്ത്ത്, ടര്ണര് ജോലികള് പഠിച്ചു. ഉറുദുവും പരിചയപ്പെട്ടു. അതോടെ ഹിന്ദി പാട്ടുകളുടെ ഉച്ചാരണം ഒന്നുകൂടി സൂക്ഷ്മസുന്ദരമായി. അവിടെ പാട്ടുപാടി ജനങ്ങളെ കൈയിലെടുത്തു, അവര് ജോസിനെ തോളിലും! ഛോട്ടാ റഫിയെന്ന പേരും മുഹമ്മദ് റഫിയെ നേരില്ക്കാണാനുള്ള അവസരവും കിട്ടി.
സിനിമയില് പാടാനുള്ള ക്ഷണങ്ങള് അദ്ദേഹം സ്നേഹപൂര്വം നിരസിക്കുകയായിരുന്നു. സുഹൃത്തായ കെ.സി. പോളിനെ പാടാന് സ്റ്റുഡിയോയില് വിളിച്ചുവരുത്തി അപമാനിച്ചുവിട്ട സംഭവം ഓര്മയിലുള്ളതിനാലാണ് സിനിമ വേണ്ടെന്നു ജോസ് തീരുമാനിച്ചത്. സിനിമയില് പാടിയാല് ശത്രുക്കളും ഉപദ്രവങ്ങളും കൂടുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
ഏഴു വര്ഷത്തിനുശേഷം ബോംബെയില്നിന്നു നാട്ടില് തിരിച്ചെത്തി. പല എന്ജിനിയറിംഗ് സ്ഥാപനങ്ങളില് പ്രവര്ത്തിച്ചു. വിദ്യാര്ഥികള്ക്കു പരിശീലനവും നല്കി. ഒപ്പം ഗാനമേളകളില് കൂടുതല് സജീവമായി. കുടുംബത്തിനൊപ്പം നില്ക്കുക എന്നതുമാത്രമായിരുന്നു ജോസിന്റെ ലക്ഷ്യം.
അരണാട്ടുകര സ്വദേശിനി മേരിയാണ് പത്നി. അധ്യാപികയായ ഷേര്ളി ഡേവിസ്, ബിജു ആനന്ദ്, മേജോ എന്നീ മൂന്നു മക്കളും സംഗീതത്തിന്റെ വഴിയിലുണ്ട്.
പ്രതിഫലമല്ല, സംതൃപ്തി
പണംമോഹിച്ചു പാട്ടുകാരനായ ആളല്ല ജോസേട്ടനെന്നു സുഹൃത്തുക്കളും സഹപ്രവര്ത്തകരും ഒരേ സ്വരത്തില് പറയും. ഒരിക്കലും പ്രതിഫലത്തിനു നിര്ബന്ധംപിടിച്ചിട്ടില്ല. സ്ഥാനമാനങ്ങള്ക്കു ശബ്ദമുയര്ത്തിയുമില്ല. പാടാനുള്ള ആവേശം, അതു നല്കുന്ന സംതൃപ്തി- ഇത്രയുമായാല് ജോസേട്ടനായി.
പറവട്ടാനിയിലെ ഉദയ കലാസമിതി, ചെട്ടിയങ്ങാടിയിലെ അമീര്ഭായിയുടെ ക്ലബ്, വോയ്സ് ഓഫ് ട്രിച്ചൂര്, ട്രിച്ചൂര് വേവ്സ് തുടങ്ങി അന്നത്തെ തൃശൂരിലെ എല്ലാ സംഗീത ട്രൂപ്പുകള്ക്കുവേണ്ടിയും പി.കെ. ജോസ് പാടിക്കൊണ്ടിരുന്നു. ഗാനമേളയ്ക്കു വരുന്നവരുടെ ആദ്യത്തെ ചോദ്യം ജോസേട്ടന് എത്തിയോ എന്നായിരുന്നുവെന്ന് പഴയകാല സഹപ്രവര്ത്തകര് ഓര്മിക്കുന്നു, അദ്ദേഹത്തിന്റെ പാട്ടുകഴിഞ്ഞാലുള്ള കരഘോഷത്തിന്റെ കടലിരമ്പവും.
2022 ലാണ് അവസാനമായി പൊതുവേദിയില് പാടിയത്. അന്നും കേള്വിക്കാരുടെ മനസുനിറഞ്ഞു. 2023ല് അസുഖബാധിതനായി. ആശുപത്രിക്കിടക്കയിലും അദ്ദേഹത്തിന്റെ ഒരേയൊരാവശ്യം റഫിയുടെ പാട്ടുകേള്ക്കണമെന്നായിരുന്നു. അതു വേദനകള് കുറയ്ക്കുകയും ഉന്മേഷവാനാക്കുകയും ചെയ്തു. 2023 ഡിസംബര് 30ന് 83-ാം വയസിലായിരുന്നു അന്ത്യം.
പി.കെ. ജോസിനെക്കുറിച്ചുള്ള ഓര്മകളുമായി പുറത്തിറക്കുന്ന "സ്നേഹഗായകന്' എന്ന പുസ്തകം ഇന്നു പ്രകാശനം ചെയ്യും. മുതിര്ന്ന മാധ്യമപ്രവര്ത്തകനായ ഫ്രാങ്കോ ലൂയിസാണ് ഓര്മപ്പുസ്തകത്തിന്റെ എഡിറ്റര്. സാഹിത്യ അക്കാദമി ഹാളില് വൈകിട്ട് നാലിനാണ് ചടങ്ങ്. പ്രേംപത്ര് എന്ന പേരില് സംഗീതനിശയും അരങ്ങേറും.
ഈമാസം 24ന് മുഹമ്മദ് റഫിയുടെ ജന്മശതാബ്ദിയാണ്. ഏതാണ്ട് ഏഴു പതിറ്റാണ്ടുകാലം റഫിയുടെ പാട്ടുകള് വേദികളില് അവതരിപ്പിച്ച് മനസുകള് കവര്ന്നെടുത്ത ഉത്തമ ഗായകനെ എങ്ങനെ മറക്കാന്...
ഹരിപ്രസാദ്