വിപണിയിൽ ഇടിവ്
Saturday, July 19, 2025 12:15 AM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ. ആക്സിസ് ബാങ്കിന്റെ ത്രൈമാസ വരുമാനത്തിലുണ്ടായ ഇടിവും ഇന്ത്യ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപരുടെ തുടരുന്ന പിന്മാറ്റവും എൻഎസ്ഇ നിഫ്റ്റി, ബിഎസ്ഇ സെൻസെക്സ് എന്നിവയുടെ തകർച്ചയ്ക്കിടയാക്കി. നിഫ്റ്റി 25000 പോയിന്റിൽനിന്ന് താഴേക്കു പതിച്ചപ്പോൾ സെൻസെക്സ് 500 പോയിന്റുകളുടെ നഷ്ടം നേരിട്ടു. ബാങ്കിംഗ് ഓഹരികളാണ് കൂടുതൽ നഷ്ടം നേരിട്ടത്.
നിഫ്റ്റി 143 പോയിന്റ് (0.57%) നഷ്ടത്തിൽ 24,968.40ലും സെൻസെക്സ് 502 പോയിന്റ് (0.61%) താഴ്ന്ന് 81,757.73ലും വ്യാപാരം പൂർത്തിയാക്കി. വിശാല സൂചികകളിലും ഇടിവ് പ്രകടമായി. ബിഎസ്ഇ മിഡ്കാപ് 0.62 ശതമാനവും സ്മോൾകാപ് 0.64 ശതമാനവും രേഖപ്പെടുത്തി. നിഫ്റ്റി മിഡ്കാപ് 0.70 ശതമാനത്തിലും സ്മോൾകാപ് 0.82 ശതമാനത്തിന്റെ നഷ്ടമാണ് നേരിട്ടത്.
ഈ സാന്പത്തിക വർഷത്തിന്റെ ആദ്യപാദ വരുമാനത്തിൽ 11 ശതമാനം ലാഭം നേടിയ വിപ്രോയുടെ ഓഹരികൾ കുതിച്ചു. നാലു ശതമാനത്തോളം ഉയർന്ന വിപ്രോ ഓഹരികൾ 2.44 ഉയരത്തിലാണ് ക്ലോസ് ചെയ്തത്.
ആദ്യപാദത്തിലെ വരുമാനത്തിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിൽ ആക്സിസ് ബാങ്കിന്റെ ഓഹരികൾ 5.22 ശതമാനം നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. വ്യാപാരത്തിനിടെ ആക്സിസ് ബാങ്ക് ഓഹരികൾ ഏഴു ശതമാനത്തോളം താഴ്ന്നിരുന്നു.
ആക്സിസ് ബാങ്ക് ലിമിറ്റഡ്, ശ്രീറാം ഫിനാൻസ്, ഭാരത് ഇലക്ട്രോണിക്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് എൻഎസ്ഇ നിഫ്റ്റിയിൽ തകർച്ച നേരിട്ടവയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. നേട്ടമുണ്ടാക്കിയവയിൽ വിപ്രോ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, നെസ്ലെ ഇന്ത്യ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ.
മിക്ക മേഖല സൂചികകളും നഷ്ടത്തിലായി. ഫാർമ, പ്രൈവറ്റ് ബാങ്കുകൾ, പൊതുമേഖല ബാങ്കുകൾ, എഫ്എംസിജി, കണ്സ്യൂമർ ഡ്യൂറബിൾസ്, ടെലികോം ഓഹരികൾ 0.5 ശതമാനത്തിനും ഒരു ശതമാനത്തിനും ഇടയിലായി ഇടിഞ്ഞു.
ആക്സിസ് ബാങ്കിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും നഷ്ടം മൂലം നിഫ്റ്റി ബാങ്ക് സൂചിക ഏകദേശം ഒരു ശതമാനം താഴ്ന്നു. നിഫ്റ്റി റിയാലിറ്റി സൂചിക തുടർച്ചയായ നാലു ദിവസത്തിനും എഫ്എംസിജി തുടർച്ചയായ അഞ്ചു ദിവസത്തിനുശേഷം നഷ്ടത്തിലായി. പ്രതിരോധ മേഖലയിലെ സൂചിക രണ്ടു ശതമാനത്തിലധികം നഷ്ടത്തിലായി.
നിഫ്റ്റി ഫിനാൻഷൽ സർവീസ് സെക്ടർ തുടർച്ചയായ മൂന്നാം ദിവസവും താഴ്ചയെ നേരിട്ടു. നിഫ്റ്റി മീഡിയ ഒരു ശതമാനത്തിലേറെ ഉയർന്നു.
വിപണി ഇടിവിനു കാരണങ്ങൾ
കന്പനികളുടെ ഈ സാന്പത്തികവർഷത്തെ ആദ്യപാദ ഫലങ്ങൾ സമ്മിശ്രമായത് നിക്ഷേപകരെ നിരാശരാക്കി. ആഗോളതലത്തിൽ തുടരുന്ന അനിശ്ചിതത്വം കന്പനികളുടെ പ്രകടത്തെ ബാധിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ തുടരുന്ന അനിശ്ചിതത്വം നിക്ഷേപരെ ജാഗരൂകരാക്കിയിരിക്കുകയാണ്.