സഹകരണ മേഖലയിൽ മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന: വി. എൻ. വാസവൻ
Tuesday, July 15, 2025 11:26 PM IST
തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ (പിഎസിഎസ്) ശക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത 600 സംഘങ്ങളിൽ നിന്നുള്ള 2,400 സഹകാരികൾക്ക് പരിശീലനം നൽകുന്നതിനായി കേരള ബാങ്ക് സംഘടിപ്പിക്കുന്ന ശില്പശാലയുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
സഹകരണ മേഖലയിൽ മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് ‘ഒരുമിച്ചുയരാം’ എന്ന ശില്പശാലയുടെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയതും സാമൂഹ്യ ക്ഷേമ പെൻഷൻ തുക വിതരണത്തിനായുള്ള കൺസോർഷ്യത്തിൽ സഹകരണ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്തവും മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ബി.പി പിള്ള, എസിഎസ്ടിഐ ഡയറക്ടർ കെ.സി. സഹദേവൻ, കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ റോയ് ഏബ്രഹാം, ജനറൽ മാനേജർ ഡോ. ആർ. ശിവകുമാർ ആർ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എൻ.വി. ബിനു എന്നിവർ പങ്കെടുത്തു.