ലാഭവിഹിതത്തിൽ ശിവ് നാടാർ മുന്നിൽ
Sunday, July 13, 2025 12:02 AM IST
മുംബൈ: എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ 2025 സാന്പത്തികവർഷത്തിൽ ഏറ്റവും കൂടുതൽ ലാഭവിഹിതം നേടുന്നയാളായി. ലിസ്റ്റ് ചെയ്ത കന്പനികളിൽ നിന്നുള്ള ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ വിപ്രോയുടെ അസിം പ്രേംജിയെയും വേദാന്തയുടെ അനിൽ അഗർവാളിനെയും മറികടന്ന് എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ രാജ്യത്തെ ഏറ്റവും സന്പന്നനായ പ്രൊമോട്ടറായി.
റിപ്പോർട്ട് അനുസരിച്ച്, നാടാർ കുടുംബം 2025 സാന്പത്തിക വർഷത്തിൽ എച്ച്സിഎൽ ടെക്നോളജീസിൽനിന്ന് 9,906 കോടി രൂപ സന്പാദിച്ചു. ഒരു വർഷം മുന്പ് ഇത് 8,585 കോടി രൂപയായിരുന്നു. നാടാർ കുടുംബത്തിന് എച്ച്സിഎൽ ടെക്നോളജീസിൽ 60.82 ശതമാനം ഓഹരികൾ സ്വന്തമായുണ്ട്. 2025 സാന്പത്തിക വർഷത്തിൽ എച്ച്സിഎൽ 16,290 കോടി രൂപയുടെ ലാഭവിഹിതം നൽകി. കുടുംബത്തിന്റെ മറ്റൊരു ലിസ്റ്റഡ് കന്പനിയായ എച്ച്സിഎൽ 2024 സാന്പത്തിക വർഷത്തിലോ 2025 സാന്പത്തികവർഷത്തിലോ ഇക്വിറ്റി ലാഭവിഹിതം പ്രഖ്യാപിച്ചില്ല.
അസിം പ്രേജിയുടെ ലാഭവിഹിതം പകുതിയായി കുറഞ്ഞു
വിപ്രോയിൽനിന്ന് അസിം പ്രേംജി കുടുംബത്തിന്റെ ലാഭവിഹിതം 2025 സാന്പത്തിക വർഷത്തിൽ പകുതിയായി കുറഞ്ഞു. 2024 സാന്പത്തികവർഷത്തിൽ ഇത് 9,128 കോടി രൂപയായിരുന്നെങ്കിൽ 2025ൽ 4760 കോടി രൂപയായി.
പ്രധാനമായും ആ വർഷം ഓഹരി തിരിച്ചുവാങ്ങൽ നടക്കാതിരുന്നതിനാലാണ് അസിം പ്രേംജി കുടുംബത്തിന്റെ ലാഭവിഹിതം കുറഞ്ഞത്. 2024 സാന്പത്തികവർഷത്തിൽ വിപ്രോ 12,000 കോടി രൂപയുടെ തിരിച്ചുവാങ്ങൽ നടത്തിയിരുന്നു. അസിം പ്രേജി കുടുംബത്തിന് വിപ്രോയിൽ ഏകദേശം 72.7 ശതമാനം ഓഹരികളുണ്ട്.
2025 സാന്പത്തിക വർഷത്തിൽ വേദാന്തയുടെ അനിൽ അഗർവാൾ തന്റെ ലിസ്റ്റഡ് ഗ്രൂപ്പ് കന്പനികളിൽനിന്ന് ഏകദേശം 9,589 കോടി രൂപയുടെ ലാഭവിഹിതമാണ് നേടിയത്. സ്ഥാപനത്തിന്റെ 56.38 ശതമാനം ഓഹരികൾ അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനി 3,655 കോടി രൂപയും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആസാദ് മൂപ്പൻ 2,574 കോടി രൂപയും ലാഭവിഹിതം നേടി.
2024ൽ 6,766 കോടി രൂപ ലാഭവിഹിതം നൽകിയിടത്തുനിന്ന് 2025 സാന്പത്തിക വർഷത്തിൽ 7,443 കോടി രൂപയുടെ ലാഭവിഹിതമാണ് റിലയൻസ് ഇൻഡസ്ട്രീസ് നൽകിയത്. കന്പനിയിൽ 49.11 ശതമാനം ഓഹരിയുള്ള മുകേഷ് അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്.
2025 സാന്പത്തികവർഷത്തിൽ ദിലീപ് ഷാങ്വി കുടുംബം സണ് ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് 2091 കോടി രൂപയുടെ ലാഭവിഹിതം നേടി.
2025 സാന്പത്തികവർഷത്തിൽ ഗൗതം അദാനിയുടെ കുടുംബം ഗ്രൂപ്പിന്റെ ലിസ്റ്റഡ് സംരംഭങ്ങളിൽനിന്ന് 1,460 കോടി രൂപയുടെ ലാഭവിഹിതം നേടി.