കൊച്ചിയിലേക്ക് ക്രൂയിസ് കപ്പലുകളുടെ വരവ് കുറഞ്ഞു
Sunday, July 13, 2025 12:02 AM IST
സിജോ പൈനാടത്ത്
കൊച്ചി: ആഡംബര കപ്പലുകളിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളെത്തിയിരുന്ന കൊച്ചിക്ക് ഇതെന്തു പറ്റി? സീസണുകളിൽ 25 മുതൽ 40 വരെ ക്രൂയിസുകളെത്തിയിരുന്ന കൊച്ചിയിലേക്ക് ഇപ്പോൾ വിദേശസഞ്ചാരികളുടെ വരവ് വലിയതോതിൽ കുറഞ്ഞു.
കഴിഞ്ഞ ആറു മാസത്തിനിടെ കേരളം കാണാൻ കൊച്ചിയിൽ നങ്കൂരമിട്ടത് മൂന്നു ക്രൂയിസുകൾ മാത്രം. ആഡംബര കപ്പലുകളിൽ കേരളം കാണാനെത്തുന്നവർക്കായി പ്രത്യേക ക്രൂയിസ് ടെർമിനലും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയ കൊച്ചി ഇപ്പോൾ നിരാശയിലാണ്.
കഴിഞ്ഞ ഒക്ടോബറിലെത്തിയ റോയൽ കരീബിയൻ സെലിബ്രിറ്റി ക്രൂയിസായ ആൻതം ഓഫ് ദ സീസ് ആണ് കൊച്ചി കണ്ട ഒടുവിലത്തെ വലിയ ആഡംബര കപ്പൽ. 4800 യാത്രക്കാരുമായെത്തിയ കപ്പൽ ഒരു ദിവസം കൊച്ചിയിൽ നങ്കൂരമിട്ടു. തുടർന്ന് ചെറുകപ്പലുകൾ മൂന്നെണ്ണമാണ് ഇതുവരെ കൊച്ചി തുറമുഖത്തെത്തിയത്.
കോവിഡ് സമയത്തെ അനിശ്ചിതത്വം ക്രൂയിസ് ടൂറിസത്തിന് ക്ഷീണമുണ്ടാക്കിയിരുന്നെങ്കിലും തുടർന്ന് കൊച്ചി ഉൾപ്പെടെ രാജ്യത്തെ തുറമുഖങ്ങളിലേക്ക് ക്രൂയിസ് ഷിപ്പുകൾ കൂടുതൽ എത്തിത്തുടങ്ങിയതാണ്.
2022-23 ൽ 16 അന്താരാഷ്ട്ര ക്രൂയിസുകളുൾപ്പടെ 41 ആഡംബര കപ്പലുകള്‍ കൊച്ചിയിലെത്തി. 36,400 ടൂറിസ്റ്റുകളാണ് ഇതിലൂടെ കൊച്ചിയിൽ വന്നു മടങ്ങിയത്. 2017-18ല്‍ 42 ആഡംബര കപ്പലുകളിലായി അര ലക്ഷത്തോളം വിദേശ, ആഭ്യന്തര സഞ്ചാരികള്‍ കൊച്ചിയിലെത്തിയിരുന്നു.
തുറമുഖത്തിനു പുറമെ, ഇവിടുത്തെ കച്ചവടക്കാർ, ടൂറിസ്റ്റ് ഗൈഡുകൾ, ടാക്സികൾ എന്നിവയ്ക്കും സഞ്ചാരികളുടെ വരവ് നേട്ടമാകാറുണ്ടെന്ന് ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിഎഎഫ്ഐ) നാഷണൽ മാനേജിംഗ് കമ്മിറ്റി അംഗം പൗലോസ് കെ. മാത്യു പറഞ്ഞു.
എമിഗ്രേഷൻ നടപടികളിലെ നൂലാമാലകളും സുരക്ഷാ പ്രശ്നങ്ങളുമാണ് ഇന്ത്യയിലേക്കുള്ള വിദേശസഞ്ചാരികളുടെ വരവിൽ കുറവുണ്ടാക്കിയതെന്ന് ടൂറിസം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഒരു കപ്പലിന് പത്തു ലക്ഷത്തോളം രൂപയാണു ഫീസിനത്തിൽ തുറമുഖ അഥോറിറ്റിക്കു നൽകേണ്ടത്.
കോടികൾ ചെലവഴിച്ചു നിർമിച്ച കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ക്രൂയിസ് ടെർമിനലിൽ ലോകോത്തര നിലവാരത്തിലുള്ള പാസഞ്ചര്‍ ലോഞ്ച്, എമിഗ്രേഷന്‍ കൗണ്ടറുകള്‍, കസ്റ്റംസ് കൗണ്ടറുകള്‍, സെക്യൂരിറ്റി കൗണ്ടറുകള്‍, ക്രൂ ലോഞ്ച്, വൈ-ഫൈ സൗകര്യങ്ങൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.
വിഴിഞ്ഞത്തേക്ക് ക്രൂയിസുകൾ?
വലിയ ചരക്കുകപ്പലുകൾക്ക് സുഗമമായ പ്രവർത്തനങ്ങൾക്ക് ഇടമൊരുക്കിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുബന്ധമായി ക്രൂയിസുകൾക്ക് അടുക്കാനുള്ള സൗകര്യങ്ങൾ കൂടി പരിഗണനയിലാണ്. അങ്ങനെ വന്നാൽ കൊച്ചിയുടെ ക്രൂയിസ് ടൂറിസം സാധ്യതകളുടെ വഴിമുടക്കാൻ അതു കാരണമായേക്കും.
ഹോസ്പിറ്റാലിറ്റി, വാണിജ്യ മേഖലയിലെ അത്യാധുനിക സൗകര്യങ്ങൾ, ദക്ഷിണേന്ത്യയിലെ മികച്ച റോഡ് കണക്ടിവിറ്റി എന്നിവയെല്ലാം കൊച്ചിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതിനു പിന്നാലെ, അവിടേക്കു ക്രൂയിസം ടൂറിസം കൂടി കരയ്ക്കടുത്താൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ അതു വലിയ മാറ്റങ്ങളുണ്ടാക്കും.