ഓണത്തിന് പാലിന്റെ ആവശ്യം മൂന്നിരട്ടി
Tuesday, August 26, 2025 11:01 PM IST
കൊച്ചി: ഓണത്തിന് പാലിന്റെ ആവശ്യം മറ്റു സമയങ്ങളേക്കാൾ മൂന്നിരട്ടിയാണെന്നും അതുപ്രകാരമുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്നും മിൽമ എറണാകുളം മേഖലാ യൂണിയന്. ഓണത്തോടനുബന്ധിച്ച് ഗുണമേന്മയും വിശ്വാസ്യതയുമുള്ള പാലും പാലുത്പന്നങ്ങളും ലഭ്യമാക്കുമെന്ന് മേഖലാ യൂണിയന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള പറഞ്ഞു.
അത്തം മുതല്‍ തിരുവോണം വരെ മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിലെ ആവശ്യക്കാർ കൂടുന്നതിനാൽ അധികപാൽ സംഭരിക്കും.
65 ഇനം ഐസ്ക്രീമുകളും അഞ്ചിനം പേഡയും വിവിധയിനം പനീറും പാലടയും ഉള്‍പ്പെടെയുള്ള 160ഓളം ഉത്പങ്ങള്‍ വിപണിയില്‍ ലഭ്യമാക്കും. തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശൂര്‍ എന്നിവിടങ്ങളിലെ ഡെയറികളില്‍നിന്ന് പാലും തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയില്നിന്നുള്ള പാൽ ഉത്പന്നങ്ങളും കൃത്യമായി ഉപഭോക്താള്‍ക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില്പന കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മേഖലാ യൂണിയന് ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ വിപണിയെക്കൂടി ലക്ഷ്യമിട്ട് മില്‍മയുടെ പാലും മറ്റ് ഉത്പന്നങ്ങളും പ്രാഥമിക ക്ഷീരസംഘങ്ങളിലെ ഷോപ്പികള്‍ വഴി വില്പന നടത്തുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു.
ഓണത്തോടനുബന്ധിച്ച് മായം കലര്‍ന്ന ഉത്പന്നങ്ങളുടെ കടന്നുകയറ്റം തടയും. പരമാവധി വിറ്റുവരവും ലാഭവും നേടിയെടുത്ത് അതുവഴി ക്ഷീരകര്‍ഷകരെ സഹായിക്കുന്ന നിലപാടുകളുമായാണ് എറണാകുളം മേഖലാ യൂണിയന് മുന്നോട്ടുപോകുന്നതെന്നും ചെയര്മാന് പറഞ്ഞു.
ഉത്രാടത്തിനു വേണ്ടത് 10.5 ലക്ഷം ലിറ്റർ പാൽ
എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിൽ ഉത്രാടത്തിനു മാത്രം വില്പനയ്ക്ക് ആവശ്യമുള്ളത് 10.5 ലക്ഷം ലിറ്റർ പാൽ. മിൽമ എറണാകുളം മേഖലാ യൂണിയന് അന്നു സംഭരിക്കാനാകുന്നത് പരമാവധി രണ്ടു ലക്ഷം ലിറ്റർ മാത്രമാണ്.
സാധാരണ ദിവസങ്ങളിൽ 2.75 ലക്ഷം ലിറ്റർ മിൽമ സംഭരിക്കുന്നുണ്ടെങ്കിലും ഉത്രാടനാളിൽ അതുണ്ടാകില്ല. അന്ന് പ്രാദേശികമായി സംഘങ്ങളിൽനിന്നുള്ള പാൽ വില്പന കൂടുന്നതാണ് സംഭരണം കുറയാൻ കാരണം. ഉത്രാടനാളിലെ ആവശ്യത്തിന് മിൽമ സമീപ സംസ്ഥാനങ്ങളിൽനിന്നാണു വലിയതോതിൽ പാൽ എത്തിക്കുന്നത്.