കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ്
Wednesday, August 27, 2025 2:59 AM IST
തോമസ് വര്‍ഗീസ്
കാര്യവട്ടം: അവസാന ഓവര്‍ വരെ ആകാംക്ഷ നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് മലര്‍ത്തി. 2025 സീസണില്‍ തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന സഞ്ജു സാംസന്റെ കൊച്ചിക്കെതിരേ അവസാന പന്തില്‍ തൃശൂരിനു ജയിക്കാന്‍ നാലു റണ്‍സ് വേണ്ടിയിരുന്നു.
കെ.ജി. അഖില്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി സിജോമോന്‍ തൃശൂരിനു ജയം സമ്മാനിച്ചു. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) 2025 സീസണിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടത്തിന് അര്‍ഹനായ കെ. അജിനാസിന്റെ ബൗളിംഗ് മികവും യുവ ബാറ്റര്‍ അഹമ്മദ് ഇമ്രാന്റെ (40 പന്തില്‍ 72) അര്‍ധ സെഞ്ചുറിയുമാണ് തൃശൂരിന്റെ വിജയത്തിന്റെ അടിത്തറ.
നാല് ഓവറില്‍ 30 റണ്‍സ് നല്കി ഹാട്രിക് ഉള്‍പ്പെടെ അഞ്ചു വിക്കറ്റു നേടിയ അജിനാസാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. കൊച്ചിക്കുവേണ്ടി സഞ്ജു സാംസണ് (46 പന്തില്‍ 89) അര്‍ധ സെഞ്ചുറി നേടി.
സ്കോര്‍: കൊച്ചി ബ്ലു ടൈഗേഴ്സ് 20 ഓവറില്‍ 188/7. തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ 189/5.
സഞ്ജു തിളങ്ങി
ടോസ് നേടിയ തൃശൂര്‍ കൊച്ചിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. കൊച്ചിയുടെ സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് കുറിച്ചപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. സഞ്ജു-വിനൂപ് മനോഹരന് സഖ്യമാണ് ഓപ്പണിംഗിനിങ്ങിയത്. ആനന്ദ് ജോസഫ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. വിനൂപ് മനോഹരനെ (5) ആനന്ദ്, അക്ഷയ് മനോഹരന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് മുഹമ്മദ് ഷാനുവുമായി ചേര്‍ന്ന് സഞ്ജു സ്കോറിംഗ് വേഗത്തിലാക്കി.
9.4-ാം ഓവറില്‍ മുഹമ്മദ് ഇഷാഖിന്റെ പന്ത് സിക്സ് പായിച്ച് സഞ്ജു അര്‍ധ സെഞ്ചുറി നേടി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ കൊച്ചി ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയില്‍. 11-ാം ഓവറിലെ നാലാം പന്തില്‍ കെ. അജിനാസ് മുഹമ്മദ് ഷാനുവിനെ (24) അക്ഷയ് മനോഹരന്റെ കൈകളിലെത്തിച്ച് പവലിയനിലേക്ക് അയച്ചു.
12-ാം ഓവറില്‍ കൊച്ചിയുടെ സ്കോര്‍ 100 കടന്നു. നിഖില്‍ തോട്ടത്ത് 18(11) വേഗത്തില്‍ പുറത്തായി. തുടര്‍ന്ന് സഞ്ജുവും സഹോദരന് സാലിയും ചേര്‍ന്ന് 15-ാം ഓവറില്‍ 23 റണ്‍സ് അടിച്ചുകൂട്ടി. 15. 3 ഓവറില്‍ സാലി സാംസൺ (6 പന്തിൽ 16) അജിനാസിന്റെ പന്തില്‍ പുറത്ത്.
46 പന്തില്‍ ഒമ്പത് സിക്സും നാല് ഫോറും അടക്കം 89 റണ്‍സ് നേടിയ സഞ്ജു സാംസണ് ആണ് കൊച്ചിയുടെ ടോപ് സ്കോറര്‍. ഏരീസ് കൊല്ലത്തിന് എതിരേ സെഞ്ചുറി നേടിയതിനു പിന്നാലെയാണ് സഞ്ജുവിന്റെ അര്‍ധസെഞ്ചുറി എന്നതും ശ്രദ്ധേയം.
അജിനാസിന്റെ ഹാട്രിക്ക്
കെ. അജിനാസ് എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്ത് സഞ്ജു സാംസണ് ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സര്‍ പറത്തി. രണ്ടാം പന്തില്‍ സഞ്ജുവിനെ ആനന്ദ് കൃഷ്ണന് പിടിച്ച് പുറത്താക്കി. തുടര്‍ന്നെത്തിയ പി.എസ്. ജെറിന് നേരിട്ട ആദ്യ പന്തില്‍ പുറത്ത്.
ആനന്ദ് കൃഷ്ണന് ക്യാച്ചെടുത്താണ് ജെറിനെയും പവലിയനിലേക്ക് അയച്ചത്. നാലാം പന്ത് നേരിട്ട മുഹമ്മദ് ആഷിക്കിന്റെ ബാറ്റില്‍നിന്നും പന്ത് നേരേ എത്തിയത് ആനന്ദ് കൃഷ്ണന്റെ കൈകളിലേക്കുതന്നെ. അജിനാസിന് ഹാട്രിക്ക്. അതോടെ ഈ സീസണിലെ ആദ്യ ഹാട്രിക്കിന് അജിനാസ് ഉടമായി. നാല് ഓവറില്‍ 30 റണ്‍സ് നല്കി അജിനാസ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗ് കരുതലോടെ
മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് സ്കോര്‍ 19ലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. അവരുടെ വിശ്വസ്ത ബാറ്റ്സ്മാന് ആനന്ദ് കൃഷ്ണന് (7) കെ.എം. ആസിഫ് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷാനുവിന് ക്യാച്ച് നല്കി പുറത്തായി.
സ്കോര്‍ 51ല്‍ നിൽക്കേ ഷോണ്‍ റോജറിനെ അഖില്‍ സത്താര്‍ എല്‍ബിഡബ്യുവില്‍ കുരുക്കി. 6.5-ാം ഓവറില്‍ വിഷ്ണു മേനോനെ 3(4) കെ.ജി. അഖില്‍ നിഖില്‍ തോട്ടത്തിലിന്റെ കൈകളിലെത്തിച്ചു. ഒരു വശത്ത് വിക്കറ്റുകള്‍ വീഴിമ്പോളും അഹമ്മദ് ഇമ്രാന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്തു. 8.4 -ാം ഓവറില്‍ അഹമ്മദ് ഇമ്രാന് (28 പന്തില്‍ 52) അര്‍ധസെഞ്ചുറി നേടി. 11-ാം ഓവറില്‍ സ്കോര്‍ 100ലെത്തി.
13.1-ാം ഓവറില്‍ അക്ഷയ് മനോഹര്‍ അഹമ്മദ് ഇമ്രാന് കൂട്ടുകെട്ട് പി.എസ്. ജെറിന് പൊളിച്ചു. അക്ഷയ്- ഇമ്രാന് കൂട്ടുകെട്ട് 37 പന്തില്‍ 51 റണ്‍സാണ് തൃശൂരിന് സമ്മാനിച്ചത്. ഇതേ ഓവറിലെ അവസാന പന്തില്‍ തൃശൂരിന്റെ വെടിക്കെട്ട് ബാറ്റർ അഹമ്മദ് ഇമ്രാനെ, ജെറിന് മുഹമ്മദ് ആഷിഖിന്റെ കൈകളിലെത്തിച്ചു. 40 പന്തില്‍ ഏഴു ബൗണ്ടറിയും നാലു സിക്സറുകളും ഉള്‍പ്പെടെ 72 റണ്സുമയാണ് ഇമ്രാന് മടങ്ങിയത്.
15-ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലായിരുന്നു തൃശൂര്‍. 17 ഓവര്‍ പൂര്ത്തിയായപ്പൾ സ്കോര്‍ 150 കടന്നു. ക്യാപ്റ്റന്‍ സിജോമോനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എ.കെ. അര്‍ജുനും ചേര്‍ന്നുള്ള കൂട്ടുകെട്ട് സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.
അവസാന ഓവറില്‍ വിജയലക്ഷ്യം 15 റണ്‍സ്. കെ.ജി. അഖിലെറിഞ്ഞ ഈ ഓവറിലെ ആദ്യ മൂന്നു പന്തുകളില്‍ ഓരോ റണ്‍ വീതം. നാലാം പന്ത് സിജോമോന്‍ സിക്സ് പറത്തി. അടുത്ത പന്തില്‍ രണ്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. വിജയലക്ഷ്യം ഒരു പന്തില്‍ നാലു റണ്‍സ്. അഖിലിന്റെ പന്ത് സ്ട്രേറ്റ് ഡൗണ്‍ ആയി സിജോമോൻ ബൗണ്ടറിയിലേക്ക് പായിച്ച് വിജയാരവം മുഴക്കി.