കെസിഎൽ രണ്ടാം സീസണിലെ ആദ്യ സെഞ്ചുറി തൃശൂർ ടൈറ്റൻസിന്റെ അഹമ്മദ് ഇമ്രാന്
Sunday, August 24, 2025 3:37 AM IST
തോമസ് വര്‍ഗീസ്
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് സീസണ് രണ്ടിലെ കന്നി സെഞ്ചുറിയുമായി തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന് സൂപ്പര്‍ സ്റ്റാറായി. കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിന് എതിരായ മത്സരത്തില്‍ നേരിട്ട 54-ാം പന്തിലാണ് അഹമ്മദ് ഇമ്രാന് സെഞ്ചുറി തികച്ചത്.
409 റണ്‍സ് പിറന്ന ബാറ്റിംഗ് യുദ്ധത്തിൽ തൃശൂർ ടൈറ്റൻസ് 9 റണ്‍സ് ജയം സ്വന്തമാക്കി. 210 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യം എത്തിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിനു സാധിച്ചില്ല. എം. അജിനാസ് (40 പന്തിൽ 58), സൽമാൻ നിസാർ (44 പന്തിൽ 77) എന്നിവരാണ് കാലിക്കട്ടിന്റെ പോരാട്ടം നയിച്ചത്. സ്കോർ: തൃശൂർ ടൈറ്റൻസ് 20 ഓവറിൽ 209/5. കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സ് 20 ഓവറിൽ 200/7. തൃശൂരിന്റെ രണ്ടാം ജയമാണ്.
കൂറ്റന്‍ സ്കോര്‍
ടോസ് നഷ്ടപ്പെട്ട തൃശൂര്‍ ടൈറ്റന്‍സിന് ആദ്യം ക്രീസില്‍ എത്തേണ്ടിവന്നു. അഹമ്മദ് ഇമ്രാന് വെടിക്കെട്ട് തുടക്കം കുറിച്ചപ്പോള്‍ ആദ്യവിക്കറ്റില്‍ 39 റണ്‍സ് സ്കോര്‍ബോര്‍ഡില്‍. ഓപ്പണര്‍ ആനന്ദ് കൃഷ്ണനെ (7) അഖില്‍ ദേവ് പുറത്താക്കിയതോടെ അഹമ്മദ് ഇമ്രാനു കൂട്ടായി ഷോണ്‍ റോജര്‍ എത്തി. ഷോണ്‍ (26 പന്തില്‍ 35) അഹമ്മദ് ഇമ്രാന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 75 റണ്‍സ് പിറന്നു.
നേരിട്ട 21-ാം പന്തില്‍ ഇമ്രാന് അര്‍ധശതകം പിന്നിട്ടു. 55 പന്തില്‍ 11 ഫോറും അഞ്ച് സിക്സും അടക്കം 100 റണ്‍സ് നേടിയശേഷമാണ് അഹമ്മദ് ഇമ്രാന് പുറത്തായത്. അക്ഷയ് മനോഹര്‍ (15 പന്തില്‍ 22), എ.കെ. അര്ജുന് (12 പന്തില്‍ 24 നോട്ടൗട്ട്) എന്നിവരുടെ കടന്നാക്രമണംകൂടി ആയപ്പോള്‍ തൃശൂര്‍ ഗഡീസിന്റെ സ്കോര്‍ 209ല്‍. ഈ സീസണിലെ ആദ്യ 200+ സ്കോര്‍.