ഗഡീസ് ആനന്ദം...
Saturday, August 23, 2025 2:51 AM IST
തോമസ് വര്‍ഗീസ്
കാര്യവട്ടം: തൃശൂര്‍ ടൈറ്റന്‍സിന്റെ ഗഡികളായ ആനന്ദ് കൃഷ്ണനും അഹമ്മദ് ഇമ്രാനും തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചപ്പോള്‍ ആലപ്പി റിപ്പിള്‍സ് പൊട്ടിപ്പൊളിഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20 പോരാട്ടത്തില്‍ 21 പന്തുകള്‍ ബാക്കിവച്ച് തൃശൂര്‍ ടൈറ്റന്‍സ് ഏഴ് വിക്കറ്റിന്റെ ജയമാഘോഷിച്ചു.
ആനന്ദ് കൃഷ്ണന് 39 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 63ഉം അഹമ്മദ് ഇമ്രാന് 44 പന്തില്‍ എട്ട് ഫോറിന്റെ അകമ്പടിയോടെ 61ഉം റണ്‍സ് നേടി. 152 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന തൃശൂരിനായി ഇവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 12.4 ഓവറില്‍ 121 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. സ്കോര്‍: ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ 151/7. തൃശൂര്‍ ടൈറ്റന്‍സ് 16.3 ഓവറില്‍ 152/3.
വെടിക്കെട്ട് തുടക്കം
എന്‍.പി. ബേസില്‍, വിഘ്നേഷ് പുത്തൂര്‍, ജലജ് സക്സേന, ആദിത്യ ബൈജു, ശ്രീഹരി എസ്. നായര്‍ തുടങ്ങിയവര്‍ അണിനിരന്ന ആലപ്പി ബൗളിംഗിനെ നിഷ്പ്രഭമാക്കിയായിരുന്നു ആനന്ദ് കൃഷ്ണന്റെയും അഹമ്മദ് ഇമ്രാന്റെയും ഓപ്പണിംഗ്. വിഗ്നേഷ് പുത്തൂര്‍ എറിഞ്ഞ 10-ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് അഹമ്മദ് ഇമ്രാന് അര്‍ധ സെഞ്ചുറി തികച്ചു. നേരിട്ട 36-ാം പന്തിലായിരുന്നു അഹമ്മദ് ഇമ്രാന്റെ അര്‍ധശതകം.
11-ാം ഓവറില്‍ തൃശൂര്‍ സ്കോര്‍ 100 കടന്നു. സ്കോര്‍ 121 ല്‍ എത്തിയപ്പോള്‍ തൃശൂരിന് ആദ്യവിക്കറ്റ് നഷ്ടമായി, അഹമ്മദ് ഇമ്രാനെ വിഗ്നേഷ് പുത്തൂര്‍ അക്ഷയ് ചന്ദ്രന്റെ കൈകളിലെത്തിച്ചു. ശ്രീഹരി എറിഞ്ഞ 14-ാം ഓവറില്‍ ആനന്ദ് കൃഷ്ണനും പുറത്ത്. 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ രണ്ടന് 138 എന്ന നിലയില്‍. 16-ാം ഓവറില്‍ തൃശൂര്‍ 150 കടന്നു. 16.3 -ാം ഓവറില്‍ അക്ഷയ് മനോഹര്‍ സിംഗിള്‍ എടുത്ത് തൃശൂരിന് വിജയം സമ്മാനിച്ചു. ഷോണ്‍ റോജറാണ് (7) തൃശൂരിന്റെ പുറത്തായ മൂന്നാമന്.
സൂപ്പര്‍ സിബിന്
ടോസ് നഷ്ടപ്പെട്ടാണ് ആലപ്പി റിപ്പിള്‍സ് ആദ്യം ബാറ്റിംഗിന് ഇറങ്ങിയത്. ആലപ്പിയെ വരിഞ്ഞുമുറുക്കിയത് സിബിന് ഗിരീഷിന്റെ ബൗളിംഗ് ആണ്. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് ആലപ്പുഴ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് ഉള്‍പ്പെടെയുള്ള നാലു വിക്കറ്റ് സിബിന് പിഴുതു. കളിയിലെ താരമായതും സിബിന് ആണ്.
ആദ്യ സ്പെല്ലില് ആലപ്പിയുടെ ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനെയും (7) ജലജ് സക്സേനയെയും (8) പുറത്താക്കി ആനന്ദ് ജോസഫ് തൃശൂര്‍ ബൗളിംഗിന്റെ മൂര്‍ച്ച വ്യക്തമാക്കി. ആലപ്പിയുടെ അതിഥി താരം ജലജ് സക്സേനയെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ആനന്ദ് ജോസഫ് പവലിയനിലേക്കു മടക്കിയപ്പോള്‍ സ്കോര്‍ 10 റണ്‍സ്. നാലാം ഓവറിലെ രണ്ടാം പന്തില്‍ അക്ഷയ് ചന്ദ്രന്റെ വിക്കറ്റും ആനന്ദ് പിഴുതെടുത്തു. അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ ആലപ്പി രണ്ടു വിക്കറ്റിന് 23 റണ്‍സ് എന്ന നിലയില്‍.
അഹ്സറുദ്ദീന് ഫിഫ്റ്റി
ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും അഭിഷേകും ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് മുന്നോട്ടു നീക്കുന്നതിനിടെ തൃശൂരിന്റെ സിബിന് ഗിരീഷ് അടുത്ത വിക്കറ്റ് സ്വന്തമാക്കി. 11 പന്തില്‍ 14 റണ്‍സെടുത്ത അഭിഷേക് പി. നായരെ അക്ഷയ് മനോഹറുടെ കൈകളിലെത്തിച്ചപ്പോള്‍ ആലപ്പുഴ മൂന്നിന് 37 റണ്‍സ് എന്ന നിലയില്‍ .
ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ആലപ്പുഴയുടെ രക്ഷകനായി നിന്ന ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിനാണ് ടീമിനെ പൊരുതാനുള്ള സ്കോറില്‍ എത്തിച്ചത്. 38 പന്തില്‍ മൂന്നു സിക്സും മൂന്നു ഫോറും അടക്കം 56 റണ്‍സ് നേടിയശേഷമാണ് മുഹമ്മദ് അസ്ഹറുദ്ദീന് ക്രീസ് വിട്ടത്. എം.പി. ശ്രീരൂപാണ് (23 പന്തില്‍ 30 നോട്ടൗട്ട്) ആലപ്പി ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറിന്റെ ഉടമ.