ഡ്രീം 11, ഇനി ഡ്രീം?
Saturday, August 23, 2025 2:51 AM IST
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്സി സ്പോണ്‍സറെ കണ്ടെത്തേണ്ടി വരുമോ? നിലവിൽ ഇന്ത്യയുടെ ജഴ്സി മുഖ്യ സ്പോണ്‍സർമാരായ ഡ്രീം ഇലവൻ പിൻമാറുന്നതായി സൂചന. സെപ്റ്റംബർ 14ന് യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പിലടക്കം പുതിയ സ്പോണ്‍സറെ കണ്ടെത്തേണ്ട സാഹചര്യമാണ് ബിസിസിഐക്കു മുന്നിലേക്ക് എത്തുന്നതെന്നാണ് സൂചന.
ഡ്രീം 11 അടക്കമുള്ള ഓണ്‍ലൈൻ ഗെയിം ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെയാണ് സ്പോണ്‍സർഷിപ്പിൽനിന്നും അവർ പിൻമാറുന്നത്. 2023 മുതൽ ഡ്രീം ഇലവനാണ് ഇന്ത്യൻ ജഴ്സിയുടെ സ്പോണ്‍സർമാർ.
ഡ്രീം ഇലവനടക്കം പണം നൽകിയുള്ള ഓണ്‍ലൈൻ ഗെയിമിംഗ്, ഓണ്‍ലൈൻ ബെറ്റ് ആപ്പുകൾക്ക് പാർലമെന്റ് വ്യാഴാഴ്ച നിരോധനം ഏർപ്പെടുത്തിയിരുന്നു. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
ആരാധകരേ കാത്തിരിക്കൂ...
ബിൽ പാസായതിനെത്തുടർന്ന് പണം നൽകിയുള്ള ഗെയിമുകളും മത്സരങ്ങളും നിർത്തലാക്കിയതായി ഡ്രീം 11 വെള്ളിയാഴ്ച അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കി. ബിൽ പ്രാബല്യത്തിൽ വരാൻ പ്രസിഡന്റിന്റെ അംഗീകരം കൂടി വേണം. അതുകൊണ്ട് ആരാധകരോട് കാത്തിരിക്കാനും പ്രതീക്ഷ പങ്കുവച്ചുകൊണ്ട് ഡ്രീം 11 അഭ്യർഥിച്ചു.
ടീം ഇന്ത്യയുടെ മുഖ്യ സ്പോണ്സർമാരിൽ സാന്പത്തികമോ നിയമപരമോ ആയ പ്രശ്നങ്ങൾ നേരിടുന്നവരുടെ പട്ടികയിലാണ് ഡ്രീം11 ഇടംപിടിച്ചിരിക്കുന്നത്. സഹാറ, സ്റ്റാർ ഇന്ത്യ, ഒപ്പോ, ബൈജൂസ് എന്നീ കന്പനികൾക്കു പിന്നാലെ ഡ്രീം ഇലവനും ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സി സ്പോൺസർഷിപ്പിൽനിന്ന് അകാലത്തിൽ പൊലിയാനുള്ള സാധ്യതയാണ് നിലവിൽ ഉള്ളത്.