ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കില്ല
Saturday, August 23, 2025 2:51 AM IST
മുംബൈ: ഐസിസി ഏകദിന ലോകകപ്പ് പോരാട്ടവേദിയായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം തെരഞ്ഞെടുക്കപ്പെടുന്ന പ്രതീക്ഷ സഫലമായില്ല.
ഐസിസി 2025 വനിതാ ഏകദിന ലോകകപ്പില്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ച മത്സരങ്ങള്‍ കാര്യവട്ടത്തിലേക്കു മാറ്റുമെന്നായിരുന്നു മുമ്പു പുറത്തുവന്ന സൂചന. എന്നാല്‍, കേരളക്കരയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ബംഗളൂരുവിലെ മത്സരങ്ങള്‍ നവി മുംബൈയിലേക്കു മാറ്റുകയായിരുന്നു. ഐസിസിയാണ് വേദിമാറ്റുന്ന കാര്യം അറിയിച്ചത്.
സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെയാണ് ലോകകപ്പ് അരങ്ങേറുക. 12 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിനു വേദിയാകുന്നത്. എന്നാല്‍, പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കുക. 1978, 1997, 2013 വര്‍ഷങ്ങളിലും ഇന്ത്യ വനിതാ ഏകദിന ലോകകപ്പിനു വേദിയായിട്ടുണ്ട്.
ചിന്നസ്വാമി ടു ഡി.വൈ. പാട്ടീല്‍
11 പേരുടെ മരണം നടന്ന ആര്‍സിബി (റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു) ഐപിഎല്‍ 2025 കിരീടാഘോഷ ദുരന്തത്തിനുശേഷം കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജോണ്‍ മൈക്കല്‍ ഡി. കുന്‍ഹ കമ്മീഷന്റെ കണ്ടെത്തലനുരിച്ച് വന്പരിപാടികള്ക്ക് ചിന്നസ്വാമി സ്റ്റേഡിയം സുരക്ഷിതമല്ല.
പോലീസ് അനുമതി നല്കാത്തതിനാല് കര്‍ണാടകത്തിലെ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നായ മഹാരാജാസ് ട്രോഫി ട്വന്റി-20 മൈസൂരുവിലേക്കു മാറ്റിയിരുന്നു. ഇതിനു പുറമേയാണ് ചിന്നസ്വാമിക്കു തിരിച്ചടിയായി വനിതാ ലോകകപ്പ് മത്സരങ്ങള്‍ ഇപ്പോള്‍ നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലേക്കു മാറ്റിയിരിക്കുന്നത്.
എന്തുകൊണ്ട് നവി മുംബൈ
സമീപനാളില്‍ വനിതാ ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ടായി നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം മാറിയെന്ന ആമുഖത്തോടെയാണ് ഐസിസി പ്രസിഡന്റ് ജയ് ഷാ, വനിതാ ലോകകപ്പിനുള്ള പുതിയ വേദി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 20നു നടക്കുന്ന ശ്രീലങ്ക x ബംഗ്ലാദേശ് മത്സരമാണ് ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലെ ആദ്യ മത്സരം.
തുടര്‍ന്ന് ഇന്ത്യ x ന്യൂസിലന്‍ഡ് (ഒക്ടോബര്‍ 23), ഇന്ത്യ x ബംഗ്ലാദേശ് (ഒക്ടോബര്‍ 26) മത്സരങ്ങളും നവി മുംബൈയില്‍ നടക്കും. ഒക്ടോബര്‍ 20ലെ രണ്ടാം സെമി ഫൈനലിനും നവംബര്‍ രണ്ടിലെ ഫൈനലിനും നവി മുംബൈയാണ് വേദി. പാക്കിസ്ഥാന് ഫൈനലില്‍ എത്തിയാല്‍ വേദി കൊളംബോയിലേക്കു മാറ്റും.
ബംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം ഗോഹട്ടിയിലെ ബര്‍സാപര സ്റ്റേഡിയത്തിലേക്കു മാറ്റി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ നാടായ ഗോഹട്ടിയില്‍ ഫൈനല്‍ നടത്താനുള്ള വടംവലി നടന്നെങ്കിലും ആദ്യ സെമിക്കുള്ള അവസരം നല്കി ഒതുക്കി.
കാര്യവട്ടത്തിന് എന്തുപറ്റി?
ബംഗളൂരുവില്‍ നിശ്ചയിച്ചിരുന്ന വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍നിന്നു തെന്നിപ്പോകാന്‍ ഉണ്ടായത് ഒരു കാരണം മാത്രം; ലോജിസ്റ്റിക്കല്‍ പ്രശ്നം.
അതായത് ടൂര്‍ണമെന്റിലെ മറ്റു നാലു വേദികളിലേക്ക് (ഗോഹട്ടി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ) തിരുവനന്തപുരത്തുനിന്ന് നേരിട്ടു ഫ്ളൈറ്റ് ഇല്ല. കാര്യവട്ടത്ത് ലോകകപ്പ് നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) തയാറായിരുന്നെങ്കിലും ഈ പ്രശ്നത്താല്‍ വേദി മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതമാകുകയായിരുന്നു.