തെരുവുനായ പ്രശ്നത്തിൽ മുൻ ഉത്തരവ് പരിഷ്കരിച്ച് സുപ്രീംകോടതി
Saturday, August 23, 2025 1:58 AM IST
സനു സിറിയക്
ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേർത്ത് ദേശീയതലത്തിൽ നയം രൂപീകരിക്കാൻ സുപ്രീംകോടതി തീരുമാനം.
ഡൽഹിയിലെ തെരുവുനായ വിഷയവുമായി ബന്ധപ്പെട്ടു സ്വമേധയാ സ്വീകരിച്ച കേസിലെ മുൻ ഉത്തരവ് പരിഷ്കരിച്ചുകൊണ്ടാണ് വിഷയം മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ കോടതി തീരുമാനിച്ചത്.
മൃഗജനന നിയന്ത്രണവുമായി (എബിസി) ബന്ധപ്പെട്ട് ഓരോ സംസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവും സ്വീകരിച്ച നടപടികൾ സമർപ്പിക്കാനും ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർമാരോടും നിർദേശിച്ചു.
തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും തീർപ്പു കൽപ്പിക്കാതെ കിടക്കുന്ന കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റുന്നതിനുള്ള നിർദേശവും ബെഞ്ച് നൽകി.
ഡൽഹിയിലെ തെരുവുനായ വിഷയം പരിഹരിക്കുന്നതിന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ 11ന് കർശന നിർദേശമാണു നൽകിയത്.
ഇതിനെതിരേ നിരവധി മൃഗസ്നേഹികൾ രംഗത്തുവന്നതോടെയാണു വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടത്. തുടർന്ന്, നേരത്തെ പുറപ്പെടുവിച്ച ചില കർശന നിർദേശങ്ങളിൽ കോടതി അയവ് വരുത്തി.
നായപ്രേമികള്‍ 25,000 രൂപ കെട്ടിവയ്ക്കണം
ഡല്‍ഹി എന്‍സിആറിലെ (നാഷണല്‍ ക്യാപ്പിറ്റല്‍ റീജണ്‍) തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളില്‍ അടയ്ക്കണമെന്ന ഉത്തരവിനെതിരേ കോടതിയെ സമീപിച്ച ഓരോ നായപ്രേമിയും 25,000 രൂപയും എൻജിഒകൾ രണ്ടു ലക്ഷം രൂപയും കെട്ടിവയ്ക്കാൻ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഏഴു ദിവസത്തിനുള്ളില്‍ ഈ തുക കോടതിയില്‍ കെട്ടിവയ്ക്കണം.
അല്ലാത്തപക്ഷം ഇവർക്ക് ഈ വിഷയത്തില്‍ ഇനി കോടതിയെ സമീപിക്കാൻ അനുവദിക്കില്ല.ഈ തുക തെരുവുനായ്ക്കൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് ഉപയോഗിക്കും.
കൂടാതെ ഷെൽട്ടർ ഹോമുകളിൽ എത്തിക്കുന്ന നായ്ക്കളെ മുനിസിപ്പൽ സ്ഥാപനങ്ങൾ വഴി അപേക്ഷ നൽകി ദത്തെടുക്കാം. എന്നാൽ ഇവ തെരുവുകളിലേക്ക് ഇറങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കേണ്ടത് ഉടമയാണ്. എബിസി നിയമങ്ങൾ പാലിക്കുന്നതിനായി മുനിസിപ്പൽ അധികാരികൾ അനുസരണ സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു.
മുൻ ഉത്തരവിലെ മാറ്റം ഇങ്ങനെ
ഷെൽട്ടർ ഹോമുകളിൽ എത്തിക്കുന്ന തെരുവുനായ്ക്കളെ വീണ്ടും തുറന്നുവിടരുത് എന്നായിരുന്നു മുൻ ഉത്തരവ്. പരിഷ്കരിച്ച ഉത്തരവ് പ്രകാരം, ഡൽഹിയിൽ ഷെൽട്ടർ ഹോമുകളിൽ എത്തിക്കുന്ന നായ്ക്കളെ വന്ധ്യംകരണം, വിരമരുന്ന്, പ്രതിരോധ കുത്തിവയ്പ് എന്നിവയ്ക്കുശേഷം പിടിച്ച സ്ഥലത്തുതന്നെ തിരികെ കൊണ്ടുവിടാൻ കോടതി നിർദേശിച്ചു.
പേവിഷബാധയുണ്ടെന്നു സംശയിക്കുന്നവയെയും അക്രമസ്വഭാവമുള്ളവയെയും ഷെൽട്ടർ ഹോമുകളിൽത്തന്നെ പാർപ്പിക്കണം. തെരുവുനായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കൊടുക്കുന്നത് വിലക്കി. പകരം, ഇതിനായി പ്രത്യേക ഇടങ്ങൾ സൃഷ്ടിക്കാനും ബെഞ്ച് നിർദേശിച്ചു.
നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്കു കൊണ്ടുപോകുന്നതിൽനിന്ന് അധികാരികളെ ഒരു വ്യക്തിയോ സംഘടനയോ തടയരുതെന്ന മുൻ ഉത്തരവ് കോടതി ആവർത്തിച്ചു.