ഭീകരരുമായി ബന്ധം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
Saturday, August 23, 2025 1:58 AM IST
ശ്രീനഗര്‍: ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജമ്മു കാഷ്മീരിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.
അധ്യാപകനായ ഖുര്‍ഷീദ് അഹമ്മദ് റാത്തര്‍, ആടുവളര്‍ത്തല്‍ വകുപ്പിലെ ജീവനക്കാരനായ സിയാദ് അഹമ്മദ് ഖാന് എന്നിവരെയാണ് പിരിച്ചുവിട്ടത്.
സുരക്ഷാ-രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ആയുധക്കടത്ത് നടത്തിയെന്നും നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.
നിലവില്‍ ഇരുവരും കുപ്വാര ജയിലിലാണ്. നിയന്ത്രണ രേഖയ്ക്കു സമീപമുള്ള കര്‍ണ, കേരന്‍ പ്രദേശങ്ങളിലെ താമസക്കാരാണ് ഇരുവരും. പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഹാന്ഡ്ലര്മാര്ക്കായി ഖുര്‍ഷീദ് അഹമ്മദ് ആയുധങ്ങളും മയക്കുമരുന്നുകളും ശേഖരിച്ച് വിതരണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. കുപ്വരയില് ആയുധങ്ങള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
സിയാദ് അഹമ്മദ് ഖാനെതിരേ ആയുധങ്ങള്‍ കൈവശം വയ്ക്കുക, ഭീകരര്‍ക്ക് അഭയം നല്‍കുക, നുഴഞ്ഞുകയറ്റം, ആയുധക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച പണം ഇരുവരും ഭീകരരെ സഹായിക്കാന്‍ ഉപയോഗിക്കുകയായിരുന്നു.
ഭീകരവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്തിനെത്തുടര്‍ന്ന് ജമ്മു കാഷ്മീരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 70 ലധികം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.