മന്ത്രിതല സമിതിയുടെ അംഗീകാരം ; ജിഎസ്ടി ഇനി രണ്ട് സ്ലാബുകളിൽ
Friday, August 22, 2025 3:20 AM IST
ന്യൂഡൽഹി: ചരക്കുസേവന നികുതിയിലെ സ്ലാബുകൾ നാലിൽനിന്ന് രണ്ടായി കുറയ്ക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾക്കു വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മന്ത്രിമാരുടെ പാനൽ തത്വത്തിൽ അംഗീകാരം നൽകി. ഇതുവഴിയുണ്ടാകുന്ന നികുതിനഷ്ടം എങ്ങനെ നികത്തുമെന്ന ആശങ്ക ഏതാനും പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പാനൽ യോഗത്തിൽ ഉന്നയിക്കുകയും ചെയ്തു.
ഇപ്പോൾ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ സ്ലാബുകളാണുള്ളത്. ഇതില്‍നിന്ന് 12 ശതമാനം, 28 ശതമാനം എന്നീ സ്ലാബുകള്‍ ഒഴിവാക്കും. 12 ശതമാനത്തിൽ ഉൾപ്പെടുന്ന വസ്തുക്കളെ അഞ്ചു ശതമാനത്തിലേക്കു മാറ്റും.
28 ശതമാനം വരുന്ന ഭൂരിഭാഗം ഉത്പന്നങ്ങളും 18 ശതമാനം നികുതി ഈടാക്കുന്ന സ്ലാബിലേക്കു വരും. ഇതുൾപ്പെടെ യുള്ള നിർദേശങ്ങൾക്കാണ് ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി അംഗീകാരം നൽകിയത്.
പുതിയ നിർദേശങ്ങൾ സാധാരണക്കാർക്കു പ്രയോജനപ്പെടുമെന്നാണ് ധനമന്ത്രാലയത്തിന്റെ വാദം. ഉയർന്ന വിലയുള്ള കാറുകൾ, സിഗററ്റുകൾ ഉൾപ്പെടെ ഉത്പന്നങ്ങൾക്ക് 40 ശതമാനം അധികനികുതികൂടി ഈടാക്കും.
ഇത്തരം ഉല്പന്നങ്ങളുടെ വില ഇതോടെ കുതിച്ചുയരും. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കണമെന്ന നിര്‍ദേശത്തിനും അനുമതിയുണ്ട്. ഇതുവഴി 9,700 കോടി രൂപയുടെ നികുതിവരുമാനനഷ്ടമുണ്ടാകും.
ബിജെപി ഭരണത്തിലുള്ള ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ പ്രതിപക്ഷഭരണത്തിലുള്ള കർണാടക (കോൺഗ്രസ്), കേരളം (ഇടതുമുന്നണി), പശ്ചിമബംഗാൾ (തൃണമൂൽ കോൺഗ്രസ്) എന്നിവിടങ്ങളിൽനിന്നുള്ള മന്ത്രിമാരാണു സമിതിയിലുള്ളത്.