ബില്ലുകൾ തടഞ്ഞുവച്ചാൽ നിയമസഭകൾ നിഷ്ക്രിയമാകില്ലേ എന്ന് സുപ്രീംകോടതി
Friday, August 22, 2025 3:20 AM IST
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ അനിശ്ചിതമായി തടഞ്ഞുവച്ചാൽ അതു നിയമസഭകളെ നിഷ്ക്രിയമാക്കില്ലേയെന്നു ചോ ദിച്ച് സുപ്രീംകോടതി.
ഇത്തരമൊരു സാഹചര്യത്തിൽ കോടതികൾക്ക് ഇടപെടാൻ അധികാരമില്ലേയെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കേന്ദ്രസർക്കാരിനോടു ചോദിച്ചു.
ബില്ലുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ പരാമർശത്തിൽ വാദം കേൾക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ചോദ്യം.
സംസ്ഥാന നിയമസഭകൾ അംഗീകാരത്തിനായി അയക്കുന്ന ബില്ലുകളിൽ നടപടിയെടുക്കാൻ ഗവർണർക്കു വിവേചനാധികാരമുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തിനു മറുപടിയായാണ് ഭരണഘടനാബെഞ്ച് ഈ ചോദ്യമുന്നയിച്ചത്. വിഷയത്തിൽ ഈ മാസം 26ന് വീണ്ടും വാദം തുടരും.