സിമന്റ് കമ്പനിക്ക് 1860 ഏക്കര്‍ സൗജന്യഭൂമി; അന്പരന്ന് ഹൈക്കോടതി
Wednesday, August 20, 2025 2:24 AM IST
ഗോഹട്ടി: ആസാമിലെ ഗോത്രമേഖലയിൽ സ്വകാര്യ സിമന്റ് കന്പനിക്ക് രണ്ടായിരം ഏക്കറോളം ഭൂമി അനുവദിച്ച സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗോഹട്ടി ഹൈക്കോടതി.
ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ദിമ ഹസാവോയിൽ കഴിഞ്ഞവർഷം അവസാനമാണു കന്പനിക്കു ഭൂമി അനുവദിച്ചത്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്തെ ഭൂമി കൈമാറ്റം ചെയ്തതിലെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാൻ കോടതി നിർദേശം നൽകുകയും ചെയ്തു.
ആറാം ഷെഡ്യൂള്‍ അനുസരിച്ച് പ്രദേശത്തിന്റെ ഭരണനിർവഹണ അധികാരം സ്വയംഭരണ കൗണ്‍സിലായ നോര്‍ത്ത് കാചെര് ഹില്‍സ് ഓട്ടോണമസ് കൗണ്‍സിലിനാണ്. ഇവിടെയാണ് വൻതോതിൽ ആളുകളെ കുടിയിറക്കേണ്ടിവരുന്ന പദ്ധതിക്കായി കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാബല്‍ സിമന്റ് പ്രൈവറ്റ് ലിമിറ്റഡിനു ഭൂമി അനുവദിച്ചത്. കന്പനിക്ക് 1300 ഏക്കറോളം ഭൂമി വിട്ടുനൽകാൻ കഴിഞ്ഞവര്‍ഷം ഒക്ടോബറിൽ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒരുമാസത്തിനുശേഷം തൊട്ടുചേര്‍ന്നുള്ള മറ്റൊരു 500 ഏക്കര്‍കൂടി അനുവദിച്ച് റവന്യു അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടു.
ഈ വര്‍ഷം ആദ്യംനടന്ന നിക്ഷേപകസംഗമമായ അഡ്വാന്റേജ് ആസാം 2.0ത്തിൽ 11,000 കോടി രൂപ നിക്ഷേപിക്കാമെന്ന ധാരണ സംസ്ഥാന സർക്കാരും കന്പനിയും തമ്മിലുണ്ടായിരുന്നു. ഭൂമി അനുവദിക്കാനുള്ള തീരുമാനം ചോദ്യംചെയ്ത് പ്രദേശവാസികള്‍ ഉള്‍പ്പെടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
1800 ഏക്കര്‍ ഭൂമി അനുവദിച്ചതായി കമ്പനിയുടെ അഭിഭാഷകന് ജി. ഗോസ്വാമി വാദത്തിനിടെ അറിയിച്ചതോടെ കോടതി അന്പരപ്പ് പ്രകടിപ്പിക്കുകയായിരുന്നു. “എന്താണ് ഇവിടെ സംഭവിക്കുന്നത്. ഒരു സ്വകാര്യ കമ്പനിക്കാണ് ഇത്രയധികം ഭൂമി നൽകുന്നത്. എന്ത് തമാശയാണിത്’’ എന്നിങ്ങനെയായിരുന്നു വാദംകേട്ട ജസ്റ്റീസ് സഞ്ജയ് കുമാര്‍ മേധിയുടെ പരാമർശങ്ങൾ.
തുടർന്ന് വിശദാംശങ്ങള്‍ സമര്‍പ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.