കഠുവയിൽ മേഘവിസ്ഫോടനം; ഏഴു പേർ മരിച്ചു
Monday, August 18, 2025 2:32 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ കഠുവ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാലു കുടുംബങ്ങളിലെ ഏഴു പേർ മരിച്ചു. ജോഥ് ഘട്ടി, ബാഗ്ര ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ചു പേർ കുട്ടികളാണ്. കിഷ്ത്വാർ ജില്ലയിലെ ചിസോതി ഗ്രാമത്തിൽ മേഘവിസ്ഫോടനമുണ്ടായതിന്റെ മൂന്നാം ദിവസമാണ് കഠുവയിലും ദുരന്തമുണ്ടായത്. ചിസോതിയിൽ 61 പേരാണു മരിച്ചത്.
ജോഥ് ഘട്ടിയിൽ അഞ്ചും പേരും ബാഗ്രയിൽ രണ്ടു പേരുമാണു മരിച്ചത്. ഇരു ഗ്രാമങ്ങളിലും നിരവധി കുടിലുകൾ തകർന്നു. ജോഥ് ഘട്ടിയിൽ പരിക്കേറ്റവരെ കരസേനയുടെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. കുന്നിൻപ്രദേശങ്ങളിൽ താമസിക്കുന്നവർ ജലാശയങ്ങളുടെ സമീപത്തേക്കു പോകരുതെന്ന് കഠുവ പോലീസ് നിർദേശിച്ചിട്ടുണ്ട്.
മേഘവിസ്ഫോടനത്തെത്തുടർന്ന് ജമ്മു-പഠാൻകോട്ട് റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഏതാനും ലോക്കൽ ട്രെയിനുകൾ റദ്ദാക്കി. ജമ്മു ഡിവിഷനിൽ വരുംദിവസങ്ങളിലും മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ പ്രവചനം.
ഹിമാചൽപ്രദേശിലെ മണ്ഡി ജില്ലയിൽ ഇന്നലെ കനത്ത മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ മിന്നൽപ്രളയമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളക്കെട്ടിനെത്തുടർന്ന് കിരാട്പുർ-മണാലി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.