റബർ കർഷകർ ഒരുങ്ങുന്നു; ഉത്തരേന്ത്യൻ സുഗന്ധവ്യഞ്ജന വ്യാപാരികൾ സംഭരണത്തിരക്കിൽ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, August 18, 2025 1:10 AM IST
ഏഷ്യൻ രാജ്യങ്ങളിൽ ഒക്ടോബർ വരെയുള്ള കാലയളവിൽ റബർ ഉത്പാദനം ഉയർന്ന തലത്തിലെത്തും, ഊഹക്കച്ചവടക്കാർ വിപണിയെ അമ്മാനമാടാനുള്ള ശ്രമത്തിൽ, ടയർ ലോബി താഴ്ന്ന വിലയെ ഉറ്റുനോക്കും. ഉത്തരേന്ത്യൻ വാങ്ങലുകാർ കുരുമുളക് സംഭരണം ഊർജിതമാക്കി, നിരക്ക് കയറി. ദക്ഷിണേന്ത്യൻ നാളികേര വിപണി കയറ്റിറക്കത്തിൽ. മികച്ച കാലാവസ്ഥയിൽ ഏലക്ക ഉത്പാദനം മെച്ചപ്പെടുന്നു.
ടാപ്പിംഗിലേക്കു കടക്കാൻ കർഷകർ
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മഴയുടെ ശക്തി കുറയുന്നതിനാൽ ഒക്ടോബർ വരെ റബർ ടാപ്പിംഗ് രംഗം കൂടുതൽ സജീവമാകും. തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മാത്രമല്ല; ഇന്ത്യ, ശ്രീലങ്ക കംബോഡിയ, വിയറ്റ്നാം തുടങ്ങിയ മുഖ്യ റബർ ഉത്പാദക രാജ്യങ്ങളിലും മുന്നിലുള്ള മാസങ്ങളിൽ റബർ ഉത്പാദനം ഏറ്റവും ഉയരുന്ന സന്ദർഭമാണ്. ആഗോള വിപണിയിൽ റബർ ഷീറ്റ്, ലാറ്റക്സ് ലഭ്യത പതിവിലും ഉയരുന്നത് മുന്നിൽകണ്ട് വ്യവസായികൾ കൂടുതൽ കച്ചവടങ്ങൾക്ക് മുന്നിലുള്ള ആഴ്ചകളിൽ ഉത്സാഹിക്കും.
ടയർ മേഖലയിൽ നിന്നുള്ള പുതിയ ഓർഡറുകൾക്ക് അവസരം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാജ്യങ്ങൾ. കാർഷിക മേഖല ടാപ്പിംഗ് ദിനങ്ങൾ പരമാവധി ഉയർത്താൻ കയറ്റുമതി രാജ്യങ്ങൾ ശ്രമം നടത്തും. യുഎസ് തീരുവ വിഷയത്തിൽ ആഗോള തലത്തിൽ റബറിനു ഡിമാൻഡ് മങ്ങുമോയെന്ന ആശങ്കയും ഇല്ലാതില്ല. അന്താരാഷ്ട്ര റബർ മാർക്കറ്റ് ഏത് ദിശയിൽ ചുവടുവയ്ക്കുമെന്ന വ്യക്തതയ്ക്കായി വ്യവസായികൾ കാത്തുനിൽക്കുന്നു. അവധിവ്യാപാരത്തിൽ നിക്ഷേപകരും ഊഹക്കച്ചവടക്കാരും സ്വീകരിക്കുന്ന നിലപാട് ഈ അവസരത്തിൽ നിർണായകമാവും.
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഡെയ്ലി ചാർട്ടിൽ റബർ പുതിയ ദിശയിലേക്ക് തിരിയാനുള്ള ശ്രമത്തിലാണ്. വ്യവസായികളും ഊഹക്കച്ചവടക്കാരും റബറിനെ ഉഴുതു മറിക്കാൻ അണിയറനീക്കങ്ങൾ തുടങ്ങി. ഒക്ടോബർ അവധി വാരാന്ത്യം 325 യെന്നിലാണ്, റബറിന് 329 യെന്നിലെ തടസം മികടന്നാലും 336 യെന്നിൽ വീണ്ടും പ്രതിരോധം തലയുയർത്താം.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 202 രൂപയിൽനിന്നും 198ലേക്ക് വാരാവസാനം താഴ്ന്നു. ഏറെ നിർണായകമായ 200 രൂപയിലെ താങ്ങ് നഷ്ടപ്പെട്ടത് കർഷകരുടെ വശത്തുനിന്ന് വീക്ഷിക്കുമ്പോൾ അത്ര സുഖകരമല്ല. എന്നാൽ, പ്രതികൂല കാലാവസ്ഥയിൽ അടിക്കടി ടാപ്പിംഗിനു തടസം നേരിടുന്നതിനാൽ വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് ഷീറ്റ് വിൽപ്പനയ്ക്ക് ഇറങ്ങില്ലെന്നത് വിപണിക്ക് താങ്ങ് പകരും.
കുരുമുളകിലും ഏലക്കയിലും പ്രതീക്ഷ
ഉത്തരേന്ത്യൻ സുഗന്ധവ്യഞ്ജന വ്യാപാരികൾ ദീപാവലി വരെയുള്ള കാലയളവിലെ ഡിമാൻഡ് മുൻനിർത്തി കുരുമുളക് സംഭരണത്തിരക്കിലാണ്. രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകളിൽ നാടൻ കുരുമുളക് സ്റ്റോക്ക് ചുരുങ്ങിയത് കണക്കിലെടുത്തൽ വില ഏതവസരത്തിലും കുതിക്കാൻ ഇടയുണ്ട്. ദക്ഷിണേന്ത്യയിൽ വിളവ് ചുരുങ്ങിയതിനാൽ വർഷാരംഭം മുതൽ കൊച്ചിയിൽ നാടൻ ചരക്ക് വരവ് കുറവാണ്. ഉത്പാദനം ചുരുങ്ങിയതിനാൽ കാർഷിക മേഖലയിലും കാര്യമായ മുളകില്ല. നിലവിൽ 67,700 രൂപയിൽ നീങ്ങുന്ന അൺ ഗാർബിൾഡ് 70,000 രൂപയെ ഉറ്റുനോക്കുന്നു.

വിപണി ചൂടുപിടിക്കുമെന്ന് വ്യക്തമായി മനസിലായ വ്യവസായികൾ ഇറക്കുമതിക്കും ശ്രമം നടത്തുന്നുണ്ട്. നടപ്പ് വർഷം ആദ്യ പകുതിയിൽ വിയറ്റ്നാം കുരുമുളക് കയറ്റുമതിയിൽ വർധന രേഖപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളും മധ്യപൂർവേഷ്യൻ രാജ്യങ്ങളുമാണു കൂടുതൽ ചരക്ക് അവിടെനിന്നും ഇറക്കുമതി നടത്തിയത്, ഇതിനിടയിൽ വിയറ്റ്നാമിൽ മികച്ചയിനം ചരക്കിന്റെ സ്റ്റോക്ക് ചുരുങ്ങിയെന്ന രഹസ്യ വിവരം വിരൽചൂണ്ടുന്നത് ജനുവരി വരെയുള്ള കാലയളവിൽ അവർ വില ഉയർത്താനുള്ള സാധ്യതകളിലേക്കാണ്.
മികച്ച കാലാവസ്ഥ വിലയിരുത്തിയാൽ ലേലകേന്ദ്രങ്ങളിൽ കൂടുതൽ ഏലക്ക വരുംദിനങ്ങളിൽ വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ആഭ്യന്തര വിദേശ ഇടപാടുകാർ. ലഭ്യത ഉയരുന്നത് മുന്നിൽക്കണ്ട് ഒരു വിഭാഗം വാങ്ങലുകാർ കരുതലോടെയാണു നീക്കങ്ങൾ നടത്തുന്നത്. ചിങ്ങ ഡിമാൻഡ് മുന്നിൽകണ്ട് പ്രാദേശിക തലത്തിൽ ഏലത്തിന് ആവശ്യക്കാരുണ്ട്. അന്തർസംസ്ഥാന വാങ്ങലുകാരും ഏലത്തിൽ താത്പര്യം നിലനിർത്തിയെങ്കിലും വാരാന്ത്യം ശരാശരി ഇനങ്ങൾ 2500 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 2398ലേക്ക് താഴ്ന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൊപ്ര പൂഴ്ത്തിവയ്പുകാരും ഊഹക്കച്ചവടക്കാരും ഉത്പന്നം ഏത് വിധേനയും വിറ്റുമാറാൻ വാരാരംഭം മുതൽ മത്സരിച്ചു. മാർച്ച് മുതൽ വിപണിയെ അമ്മാനമാടിയ അവർക്ക് പക്ഷേ പിന്നിട്ടവാരം തിരിച്ചടി നേരിട്ടു. വിലത്തകർച്ചയുടെ ആക്കം കണ്ട് തമിഴ്നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് വിപണിയെ പിടിച്ചുലച്ചു. എന്നാൽ, വാരാന്ത്യം കാങ്കയം ആസ്ഥാനമായുള്ള വൻകിട മില്ലുകാർ താഴ്ന്ന വിലയ്ക്ക് ലഭിച്ച കൊപ്ര പരമാവധി വാങ്ങി കൂട്ടാൻ കാണിച്ച ഉത്സാഹം കണക്കിലെടുത്താൽ ചിങ്ങത്തിൽ വെളിച്ചെണ്ണ വിപണി വീണ്ടും ചൂടുപിടിക്കും.