കെഎസ്എഫ്ഇ പ്രതിസന്ധിയിലും ഉലയാത്ത മാതൃക: മുഖ്യമന്ത്രി
Wednesday, August 13, 2025 11:42 PM IST
തിരുവനന്തപുരം: ഒരു പ്രതിസന്ധിയിലും ഉലയാത്ത മാതൃകയാണ് കെഎസ്എഫ്ഇ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കെഎസ്എഫ്ഇയുടെ ബിസിനസ് ഒരു ലക്ഷം കോടി രൂപ കടന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാന്പത്തികമാന്ദ്യത്തിൽ ലോകത്തിലെ പല ധനകാര്യസ്ഥപനങ്ങളും തകർന്നടിയുന്നതും നോട്ട് നിരോധന ഘട്ടത്തിൽ ഇന്ത്യയിലും പല സ്ഥാപനങ്ങളും തകർന്നടിയുന്നത് കണ്ടു. കോവിഡ് കാലത്ത് ഇന്ത്യയിലെ പല സാന്പത്തിക സ്ഥാപനങ്ങളും ദുർബലപ്പെട്ടു. എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം ഒരു പ്രതികൂല സാഹചര്യത്തിനും തകർക്കാനാവാത്ത മാതൃകയാണ് കെഎസ്എഫ്ഇ കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പണമിടപാട് രംഗത്തെ പ്രവർത്തനങ്ങൾ നിർവഹിക്കുക മാത്രമല്ല കേരളത്തിന്റെ വളർച്ചയിലും കെഎസ്എഫ്ഇ നിർണായകമായ പങ്കാണ് വഹിച്ചത്.
1967 ൽ പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായാണ് കെഎസ്എഫ്ഇ ആരംഭിച്ചത്. ഇന്ന് 683 ശാഖകളും ഒരു ലക്ഷം കോടി രൂപയിലേറെ ബിസിനസുമുള്ള ഒരു സ്ഥാപനമായി കെഎസ്എഫ്ഇ മാറി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്പോൾ 30000 കോടി രൂപയായിരുന്നു കെഎസ്എഫ്ഇയുടെ ബിസിനസ്.
അതാണ് ഒന്പത് വർഷം കൊണ്ട് മൂന്നിരട്ടിയിലേറെ വളർച്ച കൈവരിച്ചത്. 2016ൽ 236 കോടി രൂപയായിരുന്നു കെഎസ്എഫ്ഇയുടെ പ്രവർത്തന ലാഭം. ഇപ്പോഴത് 500 കോടി രൂപയായി വർധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇയുടെ ചിട്ടി ബിസിനസ് മാത്രം 46565 കോടി രൂപ എന്ന നിലയിലേക്ക് ഉയർന്നതായി അധ്യക്ഷ പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മ്യൂച്വൽ ഫണ്ടിലും ഷെയർമാർക്കറ്റിലും നിക്ഷേപിക്കുന്നതിനേക്കാൾ ഗുണകരമാണ് കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്നത്. കെഎസ്എഫ്ഇയുടെ ഷെയർ ക്യാപിറ്റൽ 100 കോടിയിൽ നിന്ന് 250 കോടി രൂപയായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
ഉപയോക്താക്കളുടെ വിശ്വാസതയാർജിച്ചു കൊണ്ടുള്ള പദ്ധതികൾക്ക് രൂപംനൽകി കെഎസ്എഫ്ഇ മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ ‘കെഎസ്എഫ്ഇ, ഈ നാടിന്റെ ധൈര്യം’ എന്ന മുദ്രാവാചകത്തിന്റെ പ്രകാശനം കെഎസ്എഫ്ഇ ബ്രാൻഡ് അംബാസഡർ നടൻ സുരാജ് വെഞ്ഞാറമ്മൂടിന് നൽകി മുഖ്യമന്ത്രി നിർവഹിച്ചു. ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.