ഇറക്കുമതി തീരുവ ; കേന്ദ്രത്തിനു നിവേദനം നല്‍കുമെന്ന് പി. രാജീവ്
Tuesday, August 12, 2025 11:26 PM IST
കൊച്ചി: ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതിമേഖലയുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിനു കേരളം നിവേദനം സമര്‍പ്പിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്.
സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയില്‍ നടത്തിയ കയറ്റുമതി കേന്ദ്രീകൃത വാണിജ്യ മേഖലയിലെ പ്രതിനിധികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍നിന്നു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയില്‍നിന്നുള്ള പ്രതിസന്ധി അതീവ ഗുരുതരമാണെന്നു വ്യവസായികള്‍ പറഞ്ഞു. അമേരിക്കയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം സമാന്തരമായ മറ്റു വിപണികള്‍ കണ്ടെത്തണം.
എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയില്‍ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടുവരണം. അതിലൂടെ പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും അവർ പറഞ്ഞു.
കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. ഹരികൃഷ്ണന്, ഹാന്‍ഡ്ലൂം ഡയറക്ടര്‍ ഡോ. കെ.എസ്. കൃപകുമാര്‍, വ്യവസായ വകുപ്പ് അഡീ. ഡയറക്ടര്‍ ജി. രാജീവ്, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.