ഇലക്ട്രോണിക്സ് കയറ്റുമതി ഉയർന്നു
Thursday, August 7, 2025 11:55 PM IST
ന്യൂഡൽഹി: സ്മാർട്ട്ഫോണ്‍ കയറ്റുമതിയുടെ റിക്കാർഡ് പ്രകടനത്തിന്റെ പിൻബലത്തിൽ 2025-26 സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ 47 ശതമാനം ഉയർന്ന് 12.4 ബില്യണ്‍ ഡോളറിലെത്തി.
സ്മാർട്ട്ഫോണ്‍ കയറ്റുമതിയിൽ 55 ശതമാനം വർധനവാണ് ഇതിനു കാരണമായതെന്ന് ഇന്ത്യൻ സെല്ലുലർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) കണക്കുകൾ പറയുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ-ജൂണ്‍ പാദത്തിൽ രാജ്യത്തെ ഇലക്ട്രോണിക്സ് കയറ്റുമതി 8.43 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇന്ത്യയുടെ മൊത്തം ഇലക്ട്രോണിക്സ് കയറ്റുമതി 2024 സാന്പത്തികവർഷത്തെ 29.1 ബില്യണ്‍ ഡോളറിൽനിന്ന് 2025 സാന്പത്തികവർഷം 38.6 ബില്യണ്‍ ഡോളറായി ഉയർന്നു.
ഈ സാന്പത്തികവർഷത്തെ ആദ്യപാദത്തെ കയറ്റുമതി നില തുടർന്നാൽ 2025-26ൽ ഇലക്ട്രോണിക്സ് കയറ്റുമതി 46 മുതൽ 50 ബില്യണ്‍ ഡോളർ വരെയെത്തിയേക്കാമെന്നാണ് ഐസിഇഎയുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ മൊത്തം ഇലക്ട്രോണിക്സ് നിർമാണം 2015 സാന്പത്തികവർഷത്തെ 31 ബില്യണ്‍ ഡോളറിൽനിന്ന് കഴിഞ്ഞ സാന്പത്തികവർഷം 133 ബില്യണ്‍ ഡോളറിലെത്തി.
ഈ സാന്പത്തികവർഷം ഇലക്ട്രോണിക്സ് കയറ്റുമതിക്ക് പിൻബലം നൽകിയ മൊബൈൽഫോണ്‍ കയറ്റുമതി 2024-25 സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തെ 4.9 ബില്യണ്‍ ഡോളറിൽനിന്ന് 55 ശതമാനം വർധിച്ച് 7.6 ബില്യണ്‍ ഡോളറിലെത്തി.
മൊബൈൽ ഫോണ്‍ ഇതര ഇലക്ട്രോണിക്സ് മേഖലയിലും മികച്ച നേട്ടമുണ്ടായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 3.53 ബില്യണ്‍ ഡോളറിനേക്കാൾ 37 ശതമാനം ഉയർന്ന് 4.8 ബില്യണ്‍ ഡോളറിലെത്തി. ഇതിൽ സോളാർ മൊഡ്യൂളുകൾ, സ്വിച്ചിംഗ്, റൂട്ടിംഗ് ഉപകരണങ്ങൾ, ചാർജർ അഡാപ്റ്ററുകൾ, ഇലക്ട്രോണിക്സ് ഘടകങ്ങൾ തുടങ്ങിയ ഉൾപ്പെടുന്നു.