എസ്ഐപി വഴി ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കാം
Wednesday, August 6, 2025 11:50 PM IST
മുംബൈ: ചെറുകിട നിക്ഷേപർക്ക് സർക്കാർ കടപ്പത്രങ്ങളിൽ റിസർവ് ബാങ്കിന്റെ റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്ഫോമിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി) വഴി ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കാൻ കഴിയുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര.
ആർബിഐയുടെ പണനയ പ്രഖ്യാപനത്തിനിടെയാണ് റിസർവ് ബാങ്ക് ഗവർണർ പുതിയ നിക്ഷേപ സാധ്യത അവതരിപ്പിച്ചത്. ചില്ലറ നിക്ഷേപകർക്ക് സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ റിസർവ് ബാങ്ക് ഒരുക്കിയിരിക്കുന്ന സംവിധാനമാണ് റീട്ടെയ്ൽ ഡയറക്ട് സ്കീം. ഇത് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
ട്രഷറി ബില്ലുകൾ ഒരു വർഷം വരെ കാലാവധിയുള്ള ഹ്രസ്വകാല സർക്കാർ കടപ്പത്രങ്ങളാണ്. ട്രഷറി ബില്ലുകൾ പലിശ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ നാമമാത്ര മൂല്യത്തിൽ പണം പിൻവലിക്കാൻ കഴിയുന്ന തരത്തിൽ ഡിസ്കൗണ്ട് നിരക്കിലാണ് ട്രഷറി ബില്ലുകൾ ലഭിക്കുന്നത്. നിക്ഷേപകന് മൂലധന നേട്ടം സ്വന്തമാക്കാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ പ്രവർത്തനം.
നിലവിൽ, മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ഫണ്ടുകൾ വഴി നിക്ഷേപകർക്ക് ട്രഷറി ബില്ലുകളിൽ പരോക്ഷമായി നിക്ഷേപിക്കാൻ കഴിയും. എന്നാൽ, റീട്ടെയ്ൽ ഡയറക്ട് ഉപയോഗിച്ച് ചെറുകിട നിക്ഷേപകർക്ക് സർക്കാരിൽനിന്ന് നേരിട്ട് ടി-ബില്ലുകൾ (ട്രഷറി ബില്ലുകൾ) വാങ്ങാൻ കഴിയും.
നിക്ഷേപം സിസ്റ്റമാറ്റിക്കായി ആസൂത്രണം ചെയ്യാൻ പ്രാപ്തമാക്കുന്നതിനായി റീട്ടെയ്ൽ ഡയറക്ടിൽ നിക്ഷേപ, പുനർ-നിക്ഷേപ ഓപ്ഷനുകൾ ഉൾക്കൊള്ളുന്ന ട്രഷറി ബില്ലുകൾ (ടി-ബില്ലുകൾ)ക്കായുള്ള ഒരു ഓട്ടോ-ബിഡ്ഡിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ട്രഷറി ബില്ലുകളുടെ പ്രാഥമിക ലേലങ്ങളിൽ ബിഡ്ഡുകളുടെ പ്ലേസ്മെന്റ് സാധ്യമാക്കാൻ പുതിയ സംവിധാനം വഴിയൊരുക്കുന്നു.
റീട്ടെയ്ൽ ഡയറക്ട് സ്കീമിന് കീഴിൽ നിക്ഷേപകർക്ക് റിസർവ് ബാങ്കിൽ ഗിൽറ്റ് അക്കൗണ്ടുകൾ തുറക്കാൻ സൗകര്യമൊരുക്കുന്നതിനായി 2021 നവംബറിലാണ് റീട്ടെയ്ൽ ഡയറക്ട് പോർട്ടൽ ആരംഭിച്ചത്.
പ്രാഥമിക ലേലങ്ങളിൽ പങ്കെടുത്ത് സർക്കാർ കടപ്പത്രങ്ങൾ വാങ്ങാനും സെക്കൻഡറി മാർക്കറ്റിൽ നിന്ന് സർക്കാർ കടപ്പത്രങ്ങൾ വാങ്ങാനും വിൽക്കാനും നിക്ഷേപകരെ ഈ പദ്ധതി അനുവദിക്കുന്നു.
പദ്ധതി ആരംഭിച്ചതിനുശേഷം, ഉത്പന്നത്തിന്റെയും പേയ്മെന്റ് ഓപ്ഷനുകളുടെയും കാര്യത്തിൽ 2024 മേയ് മാസത്തിൽ ഒരു മൊബൈൽ ആപ്പ് ആരംഭിച്ചത് ഉൾപ്പെടെ വിവിധ പുതിയ സവിശേഷതകൾ അവതരിപ്പിച്ചു.