വികെസി സീറോ ഫുട്മാർക്സ്; ഇന്ത്യയിലെ ആദ്യത്തെ പാദരക്ഷാ സംസ്കരണ പദ്ധതിക്ക് തുടക്കം
Sunday, August 3, 2025 12:07 AM IST
തിരുവനന്തപുരം: ഉപയോഗശേഷം വലിച്ചെറിയുന്ന ചെരുപ്പുകൾ ശേഖരിച്ച് ഉത്തരവാദിത്വത്തോടെ സംസ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയായ ‘സീറോ ഫുട്മാർക്ക്സ്’ ആരംഭിച്ചു. ഇന്ത്യാസ് വികെസി ശുചിത്വ മിഷനുമായി സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റിന് കഴിഞ്ഞ ദിവസം തുടക്കംക്കുറിച്ചു.
വളരെ ലളിതമായ രീതിയിലാണ് ‘സീറോ ഫുട്മാർക്ക്സ്’ എന്ന ഈ നൂതന സംരംഭം ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ സമീപത്തുള്ള പദ്ധതിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കടകളിൽനിന്ന് ഇന്ത്യാസ് വികെസി ബ്രാൻഡിന്റെ ഏതെങ്കിലും ഒരു ചെരുപ്പ് വാങ്ങുകയാണെങ്കിൽ അവരുടെ ഉപയോഗിച്ച് പഴകിയ ചെരുപ്പ് ഉത്തരവാദിത്വത്തോടെ സംസ്കരിക്കുന്നതിനുള്ള ചുമതല ഇന്ത്യാസ് വികെസി ഏറ്റെടുക്കും. ഇന്ത്യാസ് വികെസിയുടെ ഏതെങ്കിലും ഒരു ബ്രാൻഡിന്റെ ഒരു പുതിയ ചെരുപ്പ് വാങ്ങുമ്പോൾ ഒരു പഴയ ചെരുപ്പ് മാത്രമേ തിരികെ നൽകാൻ സാധിക്കൂ.
ഇത്തരത്തിൽ ഉപഭോക്താക്കളിൽനിന്ന് ശേഖരിക്കുന്ന ഉപയോഗിച്ച ചെരുപ്പുകൾ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നവയാണെകിൽ റീസൈക്കിൾ ചെയ്യുകയോ അല്ലാത്തവ ഉത്തരവാദിത്വത്തോടെ സംസ്കരിക്കുകയോ ചെയ്യും.
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ചെരുപ്പുകൾ ഉത്തരവാദിത്വത്തോടെ സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് കേരളത്തിലെ പാദരക്ഷാ നിർമ്മാതാക്കൾക്ക് അയച്ച കത്തിന് മറുപടിയെന്ന നിലയിൽ കൂടിയാണ് ഇന്ത്യാസ് വികെസിയുടെ മാനേജിംഗ് ഡയറക്ടർ വി.കെ.സി. റസാക്ക് ഈ പദ്ധതിക്ക് രൂപം നൽകിയത്.